വിവാദങ്ങള്‍ ഒഴിഞ്ഞു ; ശബരിമല വരുമാനത്തില്‍ വന്‍ വര്‍ധനവ്

വിവാദ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവ്. മണ്ഡല-മകരവിലക്ക് പൂജകള്‍ക്കായി നട തുറന്ന വേളയിലാണ് ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ് കാണിക്കുന്നത്.

3.32 കോടി രൂപയാണ് ആദ്യ ദിനമായ ഇന്നലെ ലഭിച്ചത്. അതായത്, 2018നേക്കാള്‍ 1.28 കോടി രൂപയുടെ വര്‍ധനവ്. കാണിക്ക, അപ്പം-അരവണ വരുമാനം, കടകളിലെ വരുമാനംഎന്നിങ്ങനെ എല്ലാ മേഖലകളിലും വന്‍ വരുമാന വര്‍ധനവാണുണ്ടായിരിക്കുന്നത്.

ശബരിമലയില്‍ കനത്ത ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനമായ ഇന്നലെ അര ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനയ്യായിരം തീര്‍ത്ഥാടകരാണ് ഇത്തവണ കൂടുതല്‍ എത്തിയത്. തീര്‍ത്ഥാടകരില്‍ കൂടുതല്‍പേരും എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്.

സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഭക്തരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരച്ചയച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആന്ധ്ര സ്വദേശികളായ യുവതികളെ പ്രായം പരിശോധിച്ച ശേഷമാണ് പോലീസ് തിരിച്ചയച്ചത്.

പമ്പ ബേസ് ക്യാമ്പില്‍ വെച്ചാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയ വിവരം പോലീസിന് മനസ്സിലായത്. തുടര്‍ന്ന് വനിത പോലീസ് ഓഫീസര്‍മാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു.