ഹെല്‍മറ്റ് പരിശോധന , യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

ഹെല്‍മറ്റ് പരിശോധന വേളയില്‍ ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കണം. 2012 ലെ ഡിജിപിയുടെ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിഗ്‌നല്‍ നവീകരണം നടപ്പിലാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

റോഡിലേക്ക് കയറി നിന്ന് ഗതാഗതം തടയുന്ന സമ്പ്രദായം നിര്‍ത്തണം. ഇത് തടയുന്നതിനായി നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. നിയമം ലംഘിക്കുന്നവരെ ക്യാമറകള്‍ ഉപയോഗിച്ച് കണ്ടെത്താനും പിഴ ഈടാക്കാനും സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

മലപ്പുറം രണ്ടത്താണി സ്വദേശിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തപ്പോള്‍ പൊലീസ് കൈ കാണിക്കുകയും നിര്‍ത്താതെ പോയപ്പോള്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച് ഇയാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയപ്പോഴാണ് കോടതി സുപ്രധാന നിര്‍ദേശം നല്‍കിയത്. ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.