ശബരിമലയ്ക്ക് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയ്ക്ക് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തന്നെ നിലപാടറിയിക്കണം. വര്‍ഷത്തില്‍ അമ്പത് ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ക്ഷേത്രമല്ലേ ശബരിമലയെന്നും സുപ്രിംകോടതി ചോദിച്ചു.

പ്രത്യേക നിയമനിര്‍മ്മാണം നടത്താത്തത്തില്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മാത്രമല്ല 50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടേയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതിനെതിരെയാണ് രാജകുടുംബം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ ശബരിമലയ്ക്കായി സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തതിനെയും വിമര്‍ശിച്ചു. മാത്രമല്ല വിഷയത്തില്‍ സര്‍ക്കാര്‍ കൈമാറിയ കരട് നിയമത്തില്‍ ബോര്‍ഡ് ഭരണസമിതിയിലേയ്ക്ക് വനിതകളെ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥയേയും ജസ്റ്റിസ് വിമര്‍ശിച്ചു.

ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചാണെങ്കില്‍ വനിതകള്‍ക്ക് എങ്ങനെ ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയ്ക്കായി പ്രത്യേക നിയമം നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നിട്ടും വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ ഒരു നിയമത്തിന്റെ കരട് മാത്രമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയ്ക്ക് കൈമാറിയത്.

വിശാല ബെഞ്ചിന്റെ വിധി പ്രകാരം ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്നില്ലെങ്കില്‍ ഏത് തരത്തിലായിരിക്കും നിയമം ഈ നിയമം ബാധകമാകുക, ജോലിക്കായി യുവതികളെ എങ്ങനെ ശബരിമലയില്‍ പ്രവേശിപ്പിക്കും തുടങ്ങിയ കാര്യങ്ങള്‍ കോടതി ചോദിച്ചു. പ്രതിവര്‍ഷം അമ്പത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്താന്‍ എന്താണ് തടസ്സമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.