മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിന് സോണിയയുടെ അനുമതി

മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിനു സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. എന്‍സിപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന പവാര്‍ – സോണിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സോണിയയില്‍നിന്ന് അനുകൂല നിലപാടുണ്ടായതെന്നാണ് സൂചന.

ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നേതാക്കള്‍ ശരദ് പവാറിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പൃഥ്വിരാജ് ചൗഹാന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തിനെത്തി.

എന്‍സിപിയെ പ്രതിനിധീകരിച്ച് സുപ്രിയ സുലെ, അജിത്ത് പവാര്‍, ജയന്ത് പാട്ടീല്‍, നവാബ് മാലിക്ക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ രൂപവത്കരപണത്തിലെ അനിശ്ചിതത്വം നീങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.സഖ്യസര്‍ക്കാരിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

നിലവില്‍ ബി ജെ പി ശിവസേന സഖ്യമായിരുന്നു മഹാരാഷ്ട്ര ഭരിച്ചിരുന്നത്. എന്നാല്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ഇരു ദ്രുവങ്ങളില്‍ ആവുകയും കനത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു.