പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി

പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി നല്‍കി കോടതി. പാലം പൊളിക്കുന്നതിന് മുന്‍പ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പാലം നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്സ് അടക്കം 5 പേര്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി ഉത്തരവ്. പരിശോധനയ്ക്കുള്ള ചിലവ് ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുവാനാണ് കോടതി ഉത്തരവ്.

ഭാരപരിശോധന നടത്താതെ പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. വിദഗ്ധോപദേശം പരിഗണിച്ചാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഭാരപരിശോധന നടത്താനാവാത്ത തരത്തില്‍ മേല്‍പ്പാലത്തില്‍ വിള്ളലുകളുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. ഈ സാഹചര്യത്തിലാണ് വിദഗ്ധോപദേശം കണക്കിലെടുത്ത് പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്. ഇ ശ്രീധരനെയാണ് ഇതിനായി നിയോഗിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ മേല്‍പ്പാലത്തിന്റെ ബലക്ഷയം വിലയിരുത്താതെയാണ് തിടുക്കത്തില്‍ പൊളിച്ചു പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി മൂന്ന് മാസത്തിനകം ഭാര പരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. ശാസ്ത്രീയ പരിശോധന അനിവാര്യമാണ്. പരിശോധന നടത്തനുള്ള ഏജന്‍സിയെ സര്‍ക്കാരിന് തീരുമാനിക്കാം.

ഇതിനുള്ള ചിലവ് നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്സില്‍ നിന്ന് ഈടാക്കണം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലം പൊളിച്ച് പണിയാനുള്ള മേല്‍നോട്ടച്ചുമതല സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് നല്‍കിയിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഉപകരാറും നല്‍കി. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ്. പുനര്‍നിര്‍മാണ ജോലികള്‍ ഇനി കോടതി അനുമതിയില്ലാതെ തുടങ്ങാനാവില്ല.