വയനാട്ടില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം : സ്‌കൂളിനെതിരെ പ്രതിഷേധം
ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ രൂക്ഷ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചതും ക്ലാസ് മുറികള്‍ വേണ്ട രീതിയില്‍ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ക്ലാസ് മുറികളില്‍ നിരവധി മാളങ്ങള്‍ ഇനിയുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.30-ഓടെയാണ് ക്ലാസ് മുറിയിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്ന് ഷഹ്ല ഷെറിന് പാമ്പു കടിയേറ്റത്.
സിമന്റ് തറയില്‍ കാല് കുടുങ്ങുകയും കാലില്‍ മുറിവ് പറ്റിയതായും ആണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞെങ്കിലും അധ്യാപകര്‍ ഗൗനിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍. രക്ഷിതാവിനെ വിവരമറിയിക്കാന്‍ തന്നെ ഒരുമണിക്കൂറോളം വൈകിയെന്നും കുട്ടികള്‍ പറയുന്നു.
സ്‌കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും കടുത്ത ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. പാമ്പ് കടിയേറ്റ് അവശയായി ഇരുന്നിട്ടും ഷഹ്ലയെ ആശുപത്രിയില്‍ എത്തിക്കാന്‍ അധ്യാപകര്‍ തയാറായില്ലെന്നാണ് കുട്ടികളുടെ പ്രധാന ആരോപണം.
എന്താണ് സംഭവിച്ചതെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ബഞ്ച് തട്ടി, ആണി കുത്തി, അട്ട കടിച്ചു എന്നിങ്ങനെ പലപല കാരണങ്ങളാണ് അധ്യാപകര്‍ പറഞ്ഞത്. കൂടാതെ, അവശയായ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച അധ്യാപികയെ മറ്റ് അധ്യാപകര്‍ തടഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഏകദേശം 45 മിനിറ്റിന് ശേഷം രക്ഷിതാവെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്നും ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചിരുന്നെങ്കില്‍ ഷഹ്ല ഷെറിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.
എന്നാല്‍ രക്ഷിതാവ് താന്‍ വന്ന ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാം എന്ന് അറിയിച്ചതിനാലാണ് അഞ്ച് മിനിറ്റോളം കാത്തിരുന്നതെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്റെ വാദം. സ്‌കൂളിന് തെറ്റ് പറ്റിയെന്ന് കരുതുന്നില്ലെന്നും പ്രധാനാധ്യപകന്‍ പറഞ്ഞു.
ക്ലാസ് മുറിയില്‍ നിറയെ പാമ്പിന്റെ മാളങ്ങളാണെന്നും ഇടയ്ക്കിടെ ഇഴജന്തുക്കളെ കാണാറുണ്ടെന്നും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും ഇതിനെതിരായി നടപടി സ്വീകരിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതേ സമയം, അധ്യാപകര്‍ക്ക് മാത്രമാണ് ക്ലാസില്‍ ചെരുപ്പിടാന്‍ അനുമതിയുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ ചെരുപ്പിടാല്‍ അപ്പോള്‍ തന്നെ അഴിപ്പിക്കുകയും അടി നല്‍കുകയും ചെയ്യുമെന്ന് കുട്ടികള്‍ പറഞ്ഞു.
സംഭവത്തില്‍ കളക്ടറുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് സംഘവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.