ഭീകര സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന കമ്പനിയില്‍ നിന്ന് ബി ജെപി വാങ്ങിയത് പത്തു കോടി രൂപ ; തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ രേഖകള്‍ തെളിവ്
‘ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം’ നല്‍കിയ കമ്പനികളില്‍ നിന്ന് പോലും സംഭാവന കൈപറ്റി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബി ജെ പി. ബി ജെ പി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍.കെ.ഡബ്ല്യൂ ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് ബി.ജെ.പി ഫണ്ട് കൈപ്പറ്റിയത്.
1993 ലെ മുംബൈ സ്‌ഫോടനത്തിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ അന്തരിച്ച ഇഖ്ബാല്‍ മേമന്‍ എന്ന ഇഖ്ബാല്‍ മിര്‍ച്ചിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റിന്റെ അന്വേഷണം നേരിടുന്ന കമ്പനിയാണ് ഇത്. ഇവരില്‍ നിന്നാണ് ബി.ജെ.പി തുക കൈപ്പറ്റിയത്. 2014-15 ല്‍ ദെവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡുമായി കൈകോര്‍ത്ത ആര്‍.കെ.ഡബ്ല്യു 10 കോടി രൂപയാണ് ബി.ജെ.പിക്ക് നല്‍കിയത്.
എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ ഇക്ബാല്‍ മിര്‍ച്ചിയുമായി ഇടപാടുകള്‍ നടത്തിയതിലും സ്വത്തുക്കള്‍ വാങ്ങിയതിലും ആര്‍.കെ.ഡബ്ല്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ പങ്ക് വ്യക്തമായിരുന്നു. കമ്പനിയുടെ മുന്‍ ഡയറക്ടറായ രഞ്ജിത് ബിന്ദ്രയെ അധോലോകത്തിന് വേണ്ടി ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
മിര്‍ച്ചിയും കമ്പനികളും തമ്മിലുള്ള ഇടപാടിന് ഏജന്റ് ആയത് ബിന്ദ്രയാണെന്നായിരുന്നു എന്‍ഫോഴ്സമെന്റ് വൃത്തങ്ങള്‍ നല്‍കിയ സൂചന. ഇത് മാത്രമല്ല മിര്‍ച്ചിയുടെ സ്വത്തുക്കള്‍ വാങ്ങിയതായി എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് ആരോപിക്കുന്ന സണ്‍ബ്ലിങ്ക് റിയല്‍ എസ്റ്റേറ്റ് ഒരു പൊതു ഡയറക്ടര്‍ വഴി മറ്റൊരു കമ്പനിയുമായി ബന്ധിപ്പിച്ചിരുന്നു. ഈ കമ്പനി ബി.ജെ.പിക്ക് രണ്ട് കോടി രൂപയാണ് സംഭാവന നല്‍കിയത്.
സണ്‍ബ്ലിങ്കിന്റെ ഡയറക്ടറായ മെഹുല്‍ അനില്‍ ബവിഷി, സ്‌കില്‍ റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ്.