രോഗിയായ ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാന്‍ ഭാര്യ നിരാഹാരം കിടന്നു ; അവസാനം ഇരുവരും ഒരുമിച്ചു മരിച്ചു

രോഗിയായ ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാനായി നിരാഹാരം കിടന്ന് 82 കാരിയായ ഭാര്യ മരിച്ചു. ഭാര്യയുടെ മരണം അറിഞ്ഞ ഭര്‍ത്താവും അതിനു പിന്നാലെ മരണം വരിച്ചു. കര്‍ണാടകയില്‍ ഗുണ്ടൂര്‍ ജില്ലയിലെ ഗോവാഡ സ്വദേശികളായ അഞ്ജനാ ദേവി, ഭര്‍ത്താവ് 85കാരനായ കോദണ്ഡരാമ ശര്‍മ എന്നിവരാണ് മരണത്തിലും ഒന്നിച്ച് യാത്രയായത്.

തന്റെ കാലശേഷം ഭര്‍ത്താവിനെ പരിചരിക്കാന്‍ ആരുമുണ്ടാവില്ല എന്നചിന്തയാണ് അവരെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. മകനും മരുമകളും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. അവസാനം ഒടുവില്‍ ഒരേ ദിവസം രണ്ടുപേരും മരണത്തിന് കീഴടങ്ങി . ഇരുപതുദിവസമാണ് അഞ്ജനാ ദേവി നിരാഹാരം കിടന്നത്. 60 വര്‍ഷത്തിലേറെ നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും ഒരേ ദിവസം യാത്രയായത്.

പൂജാരിയായിരുന്ന ശര്‍മ പ്രായത്തിന്റെതായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആറുമാസം മുന്‍പാണ് കിടപ്പിലായത്. ചികിത്സ, നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഭര്‍ത്താവ് കിടപ്പിലായതോടെ അഞ്ജനാ ദേവി കടുത്ത വിഷമത്തിലായി. ഇതിനെത്തുടര്‍ന്നാണ് ആഹാരം ഉപേക്ഷിച്ച് ഭര്‍ത്താവിനുമുന്‍പേ ജീവനുപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചത്. ഭക്ഷണം കഴിക്കാതെ അവശയായ അഞ്ജനാദേവിയെ മകനും മരുമകളും ബലം പ്രയോഗിച്ച് ആഹാരം കഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ അവരുടെ ആരോഗ്യനില തീര്‍ത്തും മോശമായി.

ഇതിനിടെ കോദണ്ഡരാമ ശര്‍മ അബോധാവസ്ഥയിലായി. പിറ്റേന്ന് അര്‍ദ്ധരാത്രിയായതോടെ അഞ്ജനാ ദേവി മരിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ കോദണ്ഡരാമ ശര്‍മയ്ക്ക് ബോധം വീണ്ടുകിട്ടി. ഭാര്യ മരിച്ചെന്ന വാര്‍ത്ത കേട്ടതോടെ അദ്ദേഹം പൊട്ടിക്കരഞ്ഞുവെന്നും അല്പം കഴിഞ്ഞതോടെ മരിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.