ഷഹ്ലയുടെ മരണം ; ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. നേരത്തെ സംസ്ഥാന ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിരുന്നു. സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ ആണ് ക്ലാസ്സ് മുറിയില്‍ വെച്ച് പാമ്പു കടി ഏറ്റതിനെ തുടര്‍ന്ന് മരിച്ചത്.
അതിനിടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചുവന്ന് ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. സ്‌കൂളിന്റെ അവസ്ഥ ശോചനീയമാണെന്നും ജഡ്ജി പറഞ്ഞു. സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിടിഎ പ്രസിഡന്റും പ്രധാനാധ്യാപകനും ഉച്ചക്ക് ഹാജരാകണമെന്നും ജഡ്ജി നിര്‍ദേശിച്ചു. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ശുചീകരിക്കാന്‍ ജില്ലാ കളക്ടറും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറും നിര്‍ദേശം നല്‍കി.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റത്. കാലില്‍ ആണി തറച്ചതാണെന്ന് കരുതി വിദ്യാര്‍ത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നല്‍കാന്‍ അധ്യാപകര്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകര്‍ സ്വീകരിച്ചത്.
കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായിരുന്നതിനാല്‍ താലൂക്ക് ആശുപത്രില്‍ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛര്‍ദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പ് കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. വയാനാട് കളക്ടറേറ്റിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി.