ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ല ; വിശ്വാസവോട്ടെടുപ്പില്‍ ബിജെപി തോല്‍ക്കുമോ

രാഷ്ട്രീയ അട്ടിമറി നടന്ന മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍. ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. 170 എംഎല്‍എമാര്‍ ഇപ്പോളും തങ്ങള്‍ക്കൊപ്പമാണെന്ന് ശരത് പവാര്‍ പറഞ്ഞു. ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണ്. അജിത് പവാറിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും പവാര്‍ പറയുന്നു.

കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം ശരത് പവാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു. പതിനൊന്ന് എംഎല്‍എമാരാണ് അജിത് പവാറിനൊപ്പം ഉള്ളത്. ഇതില്‍ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം സേന എന്‍സിപി സഖ്യത്തിനുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടു.

അതേസമയം വിശ്വാസവോട്ടെടുപ്പില്‍ ബിജെപിയെ തോല്‍പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒറ്റക്കെട്ടായി ബിജെപിയെ തോല്‍പിക്കുമെന്നും ഇക്കാര്യത്തില്‍ തനിക്ക് നല്ല വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പട്ടേലിനൊപ്പം ഉണ്ടായിരുന്നു. രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും ഇപ്പോള്‍ ഇവിടെയുണ്ട്. ആ രണ്ടുപേര്‍ അവരുടെ ഗ്രാമങ്ങളിലാണ് ഇപ്പോഴുള്ളതെങ്കിലും അവരും തങ്ങള്‍ക്കൊപ്പമാണെന്നും. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്തപാടാണ് ഇന്നത്തെ ദിവസമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

അതിനിടെ വിമത എംഎല്‍എ മാരെ ശരത് പവാര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിച്ചു. മൂന്ന് എംഎല്‍എമാരാണ് ശരത് പവാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. അതിനിടെ അജിത് പവാറിനെതിരായ പാര്‍ട്ടി നടപടികള്‍ക്കും തുടക്കമായെന്നാണ് ശരത് പവാര്‍ പറയുന്നത്. നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനത്തുനിന്ന് അജിത് പവാറിനെ ഒഴിവാക്കും. എംഎല്‍എമാരുടെ യോഗം വിളിച്ച് രാഷ്ട്രീയ തീരുമാനം ഉടനുണ്ടാകുമെന്നും ശരത് പവാര്‍ പറഞ്ഞു.