മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കേസ് നാളെത്തേക്ക് മാറ്റി ; രേഖകള്‍ നാളെ ഹാജരാക്കണമെന്ന് കോടതി

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഗവര്‍ണറുടെ അധികാര പരിധിയില്‍ ഇപ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇന്ന് ഹര്‍ജിയില്‍ വിധി പ്രസ്ഥാവിച്ചില്ല.

സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യം ചെയ്ത് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിംകോടതി കേസ് നാളെത്തേക്ക് മാറ്റി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ രാവിലെ 10.30-ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കിയ പ്രധാനപ്പെട്ട രേഖകള്‍ നാളെ (തിങ്കളാഴ്ച) ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതായത്, ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് എന്‍സിപിയുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും, തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിച്ചുകൊണ്ട് ഫഡ്നവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ഹാജരാക്കാനാണ് നിര്‍ദ്ദേശം.

ഇരു കക്ഷികളുടെയും വാദങ്ങള്‍ കേട്ട കോടതി, ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ അംഗീകരിച്ചില്ല. കൂടാതെ, എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു. അടിയന്തിരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന എന്‍സിപി, ശിവസേനയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കൂടാതെ, വിശ്വാസ വോട്ടെടുപ്പിന് 3 ദിവസത്തെ സമയം ആവശ്യപ്പെട്ട ബിജെപിയുടെ ആവശ്യവും കോടതി തത്കാലം അംഗീകരിച്ചിട്ടില്ല.

ശിവസേനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സുപ്രീംകോടതിയില്‍ ഹാജരായത്. ഞായറാഴ്ച കോടതി ചേരേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചായിരുന്നു കപില്‍ സിബല്‍ വാദം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നവിസിന്റെ സത്യപ്രതിജ്ഞയെയും സര്‍ക്കാര്‍ രൂപീകരണത്തെയും ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി നാളെ 10.30-ന് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണറുടെ സ്വീകരിച്ച നിലപാട് പിന്നീട് പരിശോധിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.