വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവം ; സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അധ്യാപകരെ പിരിച്ചുവിടണമെന്നും പിടിഎ ഭാരവാഹികള്‍ സ്‌കൂളില്‍ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി വൈഭവ് സക്സേന സ്‌കൂളിലെത്തി അധ്യാപകരുടെ മൊഴിയെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ കേസില്‍ ഇപ്പോള്‍ രേഖപ്പെടുത്തുന്ന അധ്യാപകരുടെ മൊഴി നിര്‍ണ്ണായകമാണ്. പ്രശ്നങ്ങള്‍ പരിഹരിച്ച് വേഗത്തില്‍ ക്ലാസുകള്‍ ആരംഭിക്കണമെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്.

സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടന്നത്. അധ്യാപകരുടെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല എന്ന് ഗേറ്റില്‍ ബോര്‍ഡുംവച്ചു. തുടര്‍ന്ന് വിദ്യാലയ അങ്കണത്തിലൂടെ പ്രകടനമായി നീങ്ങി. സ്‌കൂളില്‍ എത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുമ്പാകെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ മാത്രമേ നടപടിയെടുക്കൂ എന്ന് മന്ത്രി പറഞ്ഞു.

തുടര്‍ന്ന് പ്രകടനമായി നീങ്ങിയ വിദ്യാര്‍ത്ഥികള്‍ എഇഒ ഓഫീസില്‍ പരാതി നല്‍കി. സ്‌കൂളിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുത്തു. മാനന്തവാടി എഎസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ലീഗല്‍ സര്‍വീസസ് അതോറിറ്റിയും തെളിവെടുപ്പ് നടത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാളെ ക്ലാസുകള്‍ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തികള്‍ നടന്നു. യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധിയായിരിക്കും.