മഹാ നാടകം അവസാനിക്കുന്നില്ല ; ദേവേന്ദ്ര ഫട്‌നവിസ് രാജിവച്ചു ; ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

മഹാ രാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. സഭയില്‍ ഭൂരിപക്ഷ0 സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന ബോധ്യത്തെ തുടര്‍ന്നു നിയുക്ത ബി ജെ പി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് രാജി വച്ചു. അതോടെ 4 ദിവസം നീണ്ട മഹാരാഷ്ട്ര അധികാര നാടകത്തിന് താല്‍ക്കാലിക തിരശീല വീണു. ഇന്ന് വൈകീട്ട് 3.45 ഓടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ചായിരുന്നു ഫഡ്നാവിസിന്റെ രാജി പ്രഖ്യാപനം. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്തത് ബിജെപിക്കാണെന്നും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും ഫഡ്നാവിസ് പറഞ്ഞു.

മഹാരാഷ്ട്രയുടെ സ്ഥിതി കഷ്ടത്തിലാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ശിവസേന ഹിന്ദുത്വം സോണിയാ ഗാന്ധിയ്ക്ക് അടിയറവ് വച്ചുവെന്നും കുറ്റപ്പെടുത്തി. കൂടാതെ, ശിവസേനയ്ക്ക് ഉറച്ച സര്‍ക്കാര്‍ നല്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒപ്പം നിന്ന ശിവസേന തിരഞ്ഞെടുപ്പിന് ശേഷം കൂറുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ശിവസേനയിലെ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. താക്കറെ നാളെ അധികാരമേല്‍ക്കും. ഇതിന് അനുമതി തേടി അഘാഡി നാളെ ഗവര്‍ണറെ കാണും. മുംബൈയിലെ ശിവാജി പാര്‍ക്കിലായിരിക്കും സത്യപ്രതിജ്ഞ. മഹാരാഷ്ട്രയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരാകും ഉണ്ടാവുക. ബാലാസാഹിബ് തൊറാട്ടും, ജയന്ത് പട്ടേലും ഉപമുഖ്യമന്ത്രിമാരാകും.

ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്നും ശിവസേന മറ്റ് പാര്‍ട്ടികളോട് യാചിക്കുകയാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശിവസേനയെ പരോക്ഷമായി വിമര്‍ശിച്ച ഫഡ്നാവിസ് പാര്‍ട്ടി സവര്‍ക്കറേയും കാവിയേയും വഞ്ചിച്ചുവെന്നും ആരോപിച്ചു. മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവിന്റെ പശ്ചാത്തലത്തില്‍, സഭയില്‍ അംഗങ്ങളുടെ പിന്തുണയില്ലെന്ന് ഉറപ്പായ അവസരത്തിലാണ് ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചത്. പിന്നാലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കുകയായിരുന്നു.