ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20 ടീമില്‍ ഇടം നേടി സഞ്ജു
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണും ടീമില്‍. പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജു സാംസണ്‍ ടീമിലെത്തിയത്. ഡിസംബര്‍ ആറു മുതല്‍ പതിനൊന്ന് വരെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്താണ് നടക്കുന്നത്.
ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും ശിഖര്‍ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജു ടീമിലെത്തിയത്. കാല്‍മുട്ടിനേറ്റ പരിക്കാണ് ശിഖര്‍ ധവാന് തിരിച്ചടിയായത്.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഫിസിയോ ആഷിഷ് കൗഷികുമായി ധവാന്റെ പരിക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതുപ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
ഇതോടെയാണ് പകരക്കാരന്റെ സ്ഥാനത്തേയ്ക്ക് സഞ്ജു സാംസണ്‍ എത്തുന്നത്. നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റിട്വന്റി മത്സരത്തില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.
ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ സഞ്ജുവിന് കളിക്കനായാല്‍ അത് താരത്തിനും ആരാധകര്‍ക്കും സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമാകും. നേരത്തെ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്തു നിന്ന് ഉയര്‍ന്നത്. ഹര്‍ഷ ഭോഗ്ലെ, ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകനായ അയാസ് മേനോന്‍, മുന്‍ ദേശീയ താരം തുടങ്ങിയവരൊക്കെ സഞ്ജുവിനെ ഒഴിവാക്കിയതിരെ രംഗത്തെത്തിയിരുന്നു.
വിഷയത്തില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇടപെടണമെന്നാവശ്യപ്പെട്ട ഹര്‍ഭജന്‍ സെലക്ഷന്‍ കമ്മറ്റിയെ മാറ്റണമെന്നും തുറന്നടിച്ചിരുന്നു.അതേ സമയം, വിരാട് കോലി ടീമിലേക്ക് മടങ്ങി എത്തിയതും രോഹിത് ശര്‍മ്മ വിശ്രമം എടുക്കാന്‍ തയ്യാറാകാതിരുന്നതുമാണ് സഞ്ജു പുറത്താവാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.