കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസ് ; ആറു പ്രതികളുടെ ശിക്ഷ വിധിച്ചു
കണ്ണൂര്‍ കനകമല ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ കുറ്റകാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ എന്‍.ഐ.എ പ്രത്യേക കോടതി വിധിച്ചു. ഒന്നാം പ്രതി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍.കെ റാഷിദിന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു.
അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന് അഞ്ച് വര്‍ഷമാണ് തടവും എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദീന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി പ്രതികള്‍ക്ക് ലഭിച്ച തടവുകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പി.കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.
2016 ഒക്ടോബറില്‍ ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. ഒമ്പത് പ്രതികളുള്ള കേസില്‍ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്. കേസിലെ ആറാം പ്രതി കുറ്റ്യാടി സ്വദേശി ജാസിമിനെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. ജാസിമിനെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയായിരുന്നു നടപടി. ഏഴാം പ്രതി സജീര്‍ അഫ്ഗാനിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് സൂചന.
ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായിട്ടാണ് കൊച്ചി എന്‍ഐഎ കോടതി വിധി പറഞ്ഞത്. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കണ്ടെത്തി.
ഒന്നും രണ്ടും മൂന്നും പ്രതികള്‍ ഭീകര പ്രവര്‍ത്തനത്തിനു പണം കണ്ടെത്തിയെന്നും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും ഭീകരസംഘടനയില്‍ അംഗമാണെന്നും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു.