അര്‍ജുന് തെന്‍ഡുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റ് ഇട്ടവരും ഷെയര്‍ ചെയ്തവരും കുടുങ്ങാന്‍ സാധ്യത

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയവര്‍ കുടുങ്ങാന്‍ സാധ്യത. മകന് സ്വന്തമായി ട്വിറ്റര്‍ ഇല്ല എന്ന് സച്ചിന്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. സഞ്ജു സാംസണും മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിനും പിന്തുണ പ്രഖ്യാപിച്ച് അര്‍ജുന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റുകള്‍ വന്നിരുന്നു. അര്‍ജുന്റെ ഒഫീഷ്യല്‍ പേജാണെന്ന് കരുതി സംഭവം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സച്ചിന്‍ രംഗത്തെത്തിയത്.

തന്റെ മകന്‍ അര്‍ജുനും മകള്‍ സാറയ്ക്കും ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന കാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി സച്ചിന്‍ ട്വീറ്റ് ചെയ്തു. അര്‍ജുന്റേതെന്ന പേരിലുള്ള അക്കൗണ്ട് തെറ്റായി സൃഷ്ടിച്ചിട്ടുള്ളതാണെന്നും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അക്കൗണ്ടില്‍ നിന്ന് വിദ്വേഷപരമായ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും സച്ചിന്‍ കുറിച്ചു. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നതായും സച്ചിന്‍ പറഞ്ഞു.

ഇതിന് പിന്നാലെ അര്‍ജുന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ട്വിറ്റര്‍ ഡിലീറ്റ് ചെയ്തു. അര്‍ജുന്റെ അക്കൗണ്ട് അന്വേഷിക്കുന്നവര്‍ക്ക് ‘ഡിലീറ്റ് ചെയ്തു’ എന്നുള്ള അറിയിപ്പാണ് ലഭിക്കുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം 2018 ജൂണ്‍ മുതല്‍ അര്‍ജുന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് ആക്ടീവായിരുന്നു. ഒഫീഷ്യല്‍ എന്ന് രേഖപ്പെടുത്തിയിരുന്ന അക്കൗണ്ടില്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന്റെ ചിത്രം തന്നെയായിരുന്നു പ്രൊഫൈല്‍ പിക്ചറായി നല്‍കിയിരുന്നത്. എന്നാല്‍ ഏവരും ഇത് ഒര്‍ജിനല്‍ എന്നാണ് ഇതുവരെ കരുതിയിരുന്നത്.