അഫ്ഗാനില്‍ കീഴ്ടങ്ങിയ ഭീകരരില്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയും കുടുംബവും

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരില്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയും കുടുംബവും. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ നിമിഷയും കുടുംബവുമാണ് സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് നിമിഷയുടെ അമ്മ ബിന്ദു വെളിപ്പെടുത്തി. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രത്തിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് ബിന്ദു അറിയിച്ചു.

2016 ജൂലൈയിലാണ് നിമിഷയെ നാട്ടില്‍ നിന്നും കാണാതായത്. കാസര്‍ക്കോട്ട് നിന്നും ഐഎസില്‍ ചേരാന്‍ പോയ സംഘത്തിനൊപ്പമാണ് ഇവരും പോയത്. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ മൂന്നുവയസ്സുകാരിയായ മകള്‍ ഉമ്മുക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറഞ്ഞു.

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷ ആ സമയത്ത് പരിചയപ്പെട്ട ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റുമായി പ്രണയത്തിലാവുകയും അയാളെ വിവാഹം കഴിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മ ബിന്ദു. ഇവര്‍ നേരത്തെ നാഗര്‍ഹാറിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.

ഇവര്‍ ശ്രീലങ്ക വഴിയാണ് അഫ്ഗാനിലേക്ക് പോയത്. മൂന്നു ദിവസം മുന്‍പ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നുവെന്നും അവര്‍ കാണിച്ചുതന്ന ചിത്രങ്ങളില്‍ നിന്നും മുഖംമൂടി ധരിച്ച സ്ത്രീകളില്‍ ഏതാണ് തന്റെ മകള്‍ എന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലയെങ്കിലും മരുമകനെയും പേരക്കുട്ടിയേയും തിരിച്ചറിഞ്ഞുവെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. അപ്പോള്‍ പേരകുട്ടിയുടെ ചിത്രം കൈമാറിയിരുന്നുവെന്നും ബിന്ദു പറഞ്ഞു.