കേരളത്തിലെ സിനിമാ ലൊക്കേഷനുകളില്‍ മയക്കു മരുന്ന് എത്തുന്നു എന്ന് പ്രൊഡ്യൂസര്‍ അസോസിയേഷന്‍

അഭിനേതാവ് ഷൈന്‍ നിഗം വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പത്രസമ്മേളനം. കേരളത്തിലെ സിനിമാ ലൊക്കേഷനുകളില്‍ മയക്കു മരുന്ന് എത്തുന്നു എന്നാണ് അവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സിനിമ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്നും അതാണ് അച്ചടക്കമില്ലായ്മയുടെ കാരണമെന്നും അവര്‍ ആരോപിക്കുന്നു. അമ്മ സംഘടനയില്‍ ഇവരാരും ചേരാന്‍ തയാറല്ല. കാരണം അമ്മ സംഘടനയില്‍ ഇക്കാര്യങ്ങളില്‍ വ്യക്തമായ നിലപാടുകളുണ്ട്. ഇതില്‍ പലരും അമ്മയുടെ മെമ്പര്‍മാരല്ല. പരാതിയുമായി ചെല്ലുമ്പോള്‍ ആരും മെമ്പര്‍മാരല്ല. അതുകൊണ്ട് അമ്മ സംഘടനയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഷൂട്ടിംഗ് ഇടവേളകളില്‍ കാരവാനില്‍ നിന്ന് നടന്‍മാര്‍ വെളിയില്‍ ഇറങ്ങാറില്ല. എല്ലാ കാരവാനും പരിശോധിക്കണം. പേരെടുത്ത് പറയുന്നില്ല. മലയാളം ഇന്‍ഡസ്ട്രിയില്‍ ഒരു അന്വേഷണം നടത്തിയാല്‍ ഇക്കാര്യങ്ങളെക്കുറിച്ചറിയാം. 152 സിനിമകള്‍ എടുക്കുമ്പോള്‍ പകുതിയും നഷ്ടത്തിലാണ്. കൃത്യമായി ലൊക്കേഷനില്‍ വരുന്നവര്‍ കുറവാണ്.

ആരും സ്വബോധത്തോടെയല്ല ലൊക്കേഷനില്‍ എത്തുന്നത്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം. കഞ്ചാവ് മാത്രമല്ല, എത്തുന്നത്. എല്‍എസ്ഡി പോലുള്ള ലഹരിമരുന്നുകളാണ് സെറ്റുകളില്‍ എത്തുതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

90 വര്‍ഷം പിന്നിട്ട മലയാള സിനിമയില്‍ ഇന്നുവരെ ഒരുനടന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലാത്ത അത്ര മോശമായ അവസ്ഥ ഇന്ന് നിര്‍മാതാക്കള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞു . വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇതിനു മുമ്പ് നിരവധി നിര്‍മാതാക്കളുടെ പരാതി ഷെയിന്‍ നിഗത്തിനെതിരെ വരികയും അമ്മ ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇത് നിരന്തരം തുടരുന്ന ഒരു അവസ്ഥയാണ് ഉണ്ടായത്. വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ മൂന്ന് ചിത്രങ്ങളാണ് നിലവില്‍ മുടങ്ങിക്കിടക്കുന്നത്.