ജെ എന്‍ യുവില്‍ പെണ്‍കുട്ടികള്‍ മുടി കെട്ടുന്നത് കോണ്ടം ഉപയോഗിച്ച് എന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് എതിരെ കടുത്ത ആരോപണവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ജെന്‍എന്‍യു ക്യാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ മുടികെട്ടുന്നത് പോലും കോണ്ടം ഉപയോഗിച്ചാണ്. ഇത്തരത്തിലുള്ള സര്‍വകലാശാലകള്‍ നമുക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ പരാമര്‍ശ0 സ്ഥാപിക്കാന്‍, ജെ.എന്‍.യുവിലെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും, 40 വര്‍ഷം മുന്‍പായിരുന്നു അത് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഫീസ് വര്‍ധനവിനെതിരായ സമരത്തെ പിന്തുണക്കേണ്ടതല്ലേയെന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിനായിരുന്നു സെന്‍കുമാറിന്റെ വഴിവിട്ട മറുപടി.

ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരായ സമരത്തിന്റെ സമയത്ത് വിദ്യാര്‍ഥികളെ അവഹേളിക്കുന്ന തരത്തില്‍ നിരവധി വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. മുന്‍പ് പെണ്‍കുട്ടി കോണ്ടം കൊണ്ട് മുടി കെട്ടി വെച്ച ചിത്രം ജെ.എന്‍.യുവിലെതാണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രം സെന്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതേസമയം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രം ജെ.എന്‍.യു വിദ്യാര്‍ഥിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നു.