ഫഡ്‌നാവിസിനെ കുടുക്കാൻ തയ്യാറായി പുതിയ സര്‍ക്കാര്‍

മുഖ്യമന്ത്രി പദം രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭൂരിപക്ഷം തികയ്ക്കാനാവാതെ രാജിവയ്‌ക്കേണ്ടിവന്നതിന് പിന്നാലെയാണ് മറ്റൊരു കുരുക്കായി ഈ സമന്‍സ് എത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രമിനല്‍ കേസില്‍ പ്രതിയാണെന്ന വിവരം മറച്ചുവച്ചതിന് ആണ് സമന്‍സ് കിട്ടിയിരിക്കുന്നത്. സമന്‍സ് നാഗ്പൂര്‍ പൊലീസ് ഫഡ്‌നാവിസിന്റെ വസതിയിലെത്തി അദ്ദേഹത്തിന് കൈമാറി. ത്രികക്ഷി സര്‍ക്കാര്‍ അധികാരമേറ്റ അതേ ദിവസമായിരുന്നു ഫഡ്‌നാവിസിന് സമന്‍സ് കിട്ടിയത്.

ജനാധിപത്യ നിയമമനുസരിച്ച് വിവരം മറച്ചുവെക്കുന്നത് കുറ്റകരമാണ്. 1996 ലും 98 ലുമാണ് ഫഡ്‌നാവിസിനെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ കേസെടുത്തിരുന്നത്. എന്നാല്‍ കുറ്റം ചുമത്തിയിരുന്നില്ല.

ഈ കേസുകളെക്കുറിച്ച് ഫഡ്‌നാവിസ് സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരുന്നില്ല എന്നതാണ് ഹര്‍ജിക്കാരന്റെ പരാതി. സതീഷ് ഉകെ എന്ന അഭിഭാഷകനാണ് ഫഡ്‌നാവിസിനെതിരെ ക്രമിനല്‍ നടപടിയെടുക്കാന്‍ വേണ്ടി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി കീഴ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

എങ്കിലും സുപ്രീംകോടതി മജിസ്‌ട്രേറ്റ് കോടതിയോട് ഹര്‍ജിയില്‍ തീരുമാനമേടുക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നവംബര്‍ നാലിന് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു