മലയാളത്തില്‍ സിനിമ ചെയ്യണം എങ്കില്‍ ഇനി സര്‍ക്കാര്‍ കനിയണം ; ഓര്‍ഡിനന്‍സ് തയാറാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

മലയാളത്തില്‍ സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാനിടാന്‍ സര്‍ക്കാര്‍ രംഗത്. സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമ നിര്‍മിക്കാനാകാത്ത തരത്തില്‍ നിയമ നിര്‍മാണം നടത്തുവാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്ന് ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് തയാറാക്കും. സിനിമാ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനമായി. ഷെയിന്‍ നിഗവുമായി പ്രൊഡ്യൂസേഴ്സിന്റെ തര്‍ക്കം മുറുകുന്നതിനിടെയാണ് സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാരൊരുങ്ങുന്നതു.

സിനിമാക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ കൈ കടത്തുവാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം എന്ന് വ്യക്തം. ഇത്രയും കാലം സ്വതന്ത്രമായി ആവിഷ്‌കാരം നടത്തിയില്ലേ, ഇപ്പോള്‍ സര്‍ക്കാരിനോട് വിലപേശാന്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാലം വരെ സിനിമാ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിന്റെ ഭവിഷ്യത്തുകളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഒരു പ്രശ്നം വരുമ്പോഴല്ല കാര്യം പറയേണ്ടത്. സര്‍ക്കാര്‍ പരിശോധനയില്ലെന്ന ആക്ഷേപം പരിഹരിക്കുമെന്നും ഇനി സിനിമാ സെറ്റുകളില്‍ സര്‍ക്കാരിന്റെ പരിശോധനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നാളെ ധനകാര്യ മന്ത്രിയുടെയും നിയമ മന്ത്രിയുടെയും നേതൃത്വത്തില്‍ ഫിലിം ചേമ്പറിന്റെയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയും നിര്‍മാതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ഫിലിം ചേമ്പറും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിനുള്ള സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ തിയേറ്ററുകളിലേക്ക് പുതിയ സിനിമകള്‍ റിലീസിന് നല്‍കുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചായിരുന്നു യോഗം.

സിനിമാ മേഖലയിലെ പ്രമുഖര്‍ മയക്കുമരുന്ന് ഉപയോഗത്തിന് വിധേയരാണെന്ന് ഒരു നിര്‍മാതാവ് പറഞ്ഞത് ഗുരുതരമായി സര്‍ക്കാര്‍ കാണുന്നെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരാതിയും തെളിവും നല്‍കിയാല്‍ നിയമപരമായി നീങ്ങും.