ഷെയിനെ ഞാനെന്റെ അസിസ്റ്റന്റ് ആക്കും ; അവനെ വെച്ച് സിനിമ ചെയും : രാജീവ് രവി

ഷെയിന്‍ നിഗം വിവാദത്തില്‍ താരത്തിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി.”ഷെയിന്‍ സെറ്റില്‍ അച്ചടക്കമില്ലാതെ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അതിനെ ന്യായീകരിക്കില്ല. പക്ഷേ അതിന്റെ പേരില്‍ വിലക്കേണ്ട ആവശ്യമില്ല. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം സ്വന്തം കാര്യമാണ്. അതവന്‍ പറയുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. വളരെ കഴിവുള്ള നടനാണ്. അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പുണ്ട്.” എന്നാണ് രാജീവ് രവി വിഷയത്തില്‍ പ്രതികരിച്ചത്.

”നമുക്ക് അഭിമാനിക്കാവുന്ന ഒരു താരമാണ്. തല്ലിക്കെടുത്താതെ കൈപിടിച്ച് കൊണ്ടു വരണം. വളരെ കഴിവുള്ള നടനാണ്. പലര്‍ക്കും അതു കൊണ്ട് പേടിയുണ്ടാകും. എനിക്ക് അവനില്‍ പ്രതീക്ഷയുണ്ട്. അവനെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല. വിലക്കുന്നവര്‍ തന്നെ അവനെ വച്ച് സിനിമ ചെയ്യുമെന്നും രാജീവ് രവി പറഞ്ഞു.

‘പ്രതികരിച്ചും സംസാരിച്ചും ഈ വിഷയത്തെ വഷളാക്കരുത്. നല്ല കഴിവുള്ള ഒരു ചെറുപ്പക്കാരന്റെ ഭാവി നശിപ്പിക്കരുത്. 22 വയസ്സുള്ള ചെറുപ്പക്കാരനില്‍ നിന്ന് വലിയ പക്വത പ്രതീക്ഷിക്കുന്നവര്‍ക്കല്ലേ യഥാര്‍ഥത്തില്‍ പക്വതയില്ലാത്തത്? 50 വയസ്സായിട്ടും പക്വത വരാത്ത ആളുകളുണ്ട് നമുക്കിടയില്‍. അവന്റെ പ്രായം കണക്കിലെടുക്കണ്ടേ നമ്മള്‍? പഠിപ്പും വിവരവും ഉള്ള ആളുകള്‍ ഒരു കൊച്ചുപയ്യന്റെ അടുക്കല്‍ നിന്ന് ഇത്രയധികം ഡിമാന്‍ഡ് ചെയ്യുന്നത് മോശമല്ലേ? വിലക്കിയിട്ട് നിര്‍മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്തണമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും? വീട് വിറ്റാല്‍ പോലും ഏഴ് കോടി തിരിച്ചുകൊടുക്കാന്‍ അവനെക്കൊണ്ട് പറ്റില്ല. വീട്ടില്‍ വേറെ ആരുമില്ല.അതുകൊണ്ട് അവന്‍ ഇനിയും അഭിനയിക്കണം. അഭിനയിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ അവന്‍ നിയമപരമായി നേരിടണമെന്നും അദ്ദേഹം പറയുന്നു.

”ഷെയിനിനെ, മലയാളത്തിലെ സൂപ്പര്‍ താരങ്ങളുമായാണ് അവര്‍ താരതമ്യപ്പെടുത്തുന്നത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ. കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നില്ലേ. ഇങ്ങനെ പലതും നടക്കുന്നുണ്ട്. അതേക്കുറിച്ചൊന്നും അന്വേഷിക്കുന്നില്ലല്ലോ. ഇതൊന്നും ചെയ്യാതെ ഒരു കൊച്ചു പയ്യന്റെ നേരെ ചാടിക്കയറുന്നതില്‍ ഒരു കാര്യവുമില്ല.”

”ഇതിനെ കുറച്ചു കൂടി പക്വമായി കൈകാര്യം ചെയ്യണം. ഷെയിനിന്റെ പ്രായം കണക്കിലെടുക്കണം. അവന്‍ ഒരു കലാകാരനാണ്. അതു കൊണ്ടു തന്നെ അവന്‍ പ്രകോപിതനാകും, ആകണം. ഷെയ്നിനെതിരെ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്.”

”50-60 വയസുള്ള ആളുകള്‍ ഇരുന്ന് ഇരുപത്തി രണ്ടുകാരനെ വിധിക്കുമ്പോള്‍, അവരൊക്കെ ആ പ്രായത്തില്‍ എന്തൊക്കെയാണ് ചെയ്തിരുന്നതെന്ന് ചിന്തിക്കണം. എന്തിനാണ് ഇതില്‍? ഇത്ര വാശി പിടിക്കുന്നത്. ഈഗോ കളഞ്ഞ് അവനെ വിളിച്ചിരുത്തി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിനു പകരം എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്.”