മഹാരാഷ്ട്ര സ്വന്തമാക്കി ; അടുത്ത ലക്ഷ്യം ഗോവ എന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചതിനു പിന്നാലെ പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യവും വ്യക്തമാക്കി ശിവസേന വക്താവ് സഞ്ജയ് റൗത് രംഗത്. മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായ സ്ഥതിയ്ക്ക് ഇനി സഖ്യത്തിന്റെ അടുത്ത ലക്ഷ്യം ഗോവയായിരിക്കും എന്നാണ് സഞ്ജയ് റൗത് സൂചന നല്‍കിയിരിക്കുന്നത്.

ഗോവയില്‍ പുതിയ രാഷ്ട്രീയ ചിത്രം രൂപേപ്പെടുകയാണെന്നും ശിവസേനയുടെ സഹായത്തോടെയാണ് ഈ പുതിയ മുന്നണി ശക്തിയാര്‍ജ്ജിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോവ മുന്‍ ഉപമുഖ്യമന്ത്രിയുമായും ഗോവ മുന്‍ എംഎല്‍എയുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടന്നതായി അദ്ദേഹം അവകാശപ്പെട്ടു.

മഹാരാഷ്ട്രയ്ക്ക് ശേഷം ഗോവയെന്ന് വ്യക്തമാക്കിയ സഞ്ജയ് റൗത്, അവിടെ ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷം ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കുമെന്നും പറഞ്ഞു. കൂടാതെ, ബിജെപി ഇല്ലാത്ത സഖ്യമായിരിക്കുമിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും, ശിവസേനയുടെ ‘ലക്ഷ്യം’ ബിജെപി ദേശീയ നേത്രുത്വതിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയിരുന്നില്ല എന്നത് തന്നെയാണ് അതിന് കാരണം.

2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 13 സീറ്റും, കോണ്‍ഗ്രസിന് 17 സീറ്റുമാണ് ലഭിച്ചത്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെയാണ് ക്ഷണിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ നടന്ന വന്‍ കൂറുമാറ്റമാണ് ഗോവയില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം നേടാന്‍ സഹായകമായത്. കോണ്‍ഗ്രസിന്റെ 10 അംഗങ്ങളാണ് ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നത്.