മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയുടെ ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം വിശ്വാസ വോട്ട് നേടി. 169 അംഗങ്ങളുടെ പിന്തുണയാണ് ഉദ്ധവ് താക്കറെയുടെ ഒറ്റവരി വിശ്വാസ പ്രമേയത്തിന് ലഭിച്ചത്. അതേസമയം ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയും ഇന്നത്തെ സഭാ സമ്മേളനവും ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ സഭ ബഹിഷക്കരിച്ചു.

രണ്ട് മണിയ്ക്ക് സഭ ചേര്‍ന്നപ്പോള്‍ തന്നെ പോയിന്റ് ഓഫ് ഓര്‍ഡറുമായ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ഗവര്‍ണര്‍ നിയമിച്ച പ്രോ ടൈം സ്പീക്കറെ മാറ്റി പുതിയ സ്പീക്കറെ സര്‍ക്കാര്‍ നിയമിച്ചതിനെയാണ് ഫഡ്നാവിസ് ചേദ്യം ചെയ്തത്. വിശ്വാസം തേടുകയല്ല, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് ഫഡ്നാവിസ് പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ സര്‍ക്കാരിന്റെ സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്നും സര്‍ക്കാര്‍ നിലം പൊത്തുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു.

ബിജെപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ വിശ്വാസപ്രമേയം ഉദ്ധവ് താക്കറെ അവതരിപ്പിച്ചു. ഇതൊടെ ബിജെപി അംഗങ്ങള്‍ സഭ വിട്ടിറങ്ങി. വിശ്വാസ പ്രമേയത്തിന് 169 അംഗങ്ങളുടെ പിന്തുണ ലഭിച്ചപ്പോള്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന ബിജെപി വോട്ട് രേഖപ്പെടുത്താതെ വിട്ട് നിന്നു.