ഇന്നുമുതല്‍ പിന്‍സീറ്റിലും ഹെല്‍മെറ്റ് ; അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം

കേരളത്തില്‍ ഇന്നു മുതല്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. പിന്‍സീറ്റില്‍ ഹെല്‍മെറ്റ് വെക്കാതെ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പരിശോധന കര്‍ശനമായി നടത്തണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന.

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് സര്‍ക്കാര്‍ പിഴ ഈടാക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1000 രൂപയാക്കും. എന്നിട്ടും ലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. പിഴ അടയ്ക്കാത്തവര്‍ക്ക് വാഹന്‍ (Vahan) സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു വിലക്കേര്‍പ്പെടുത്തും. പിഴ അടയ്ക്കാതെ ഇവര്‍ക്കു വാഹന സംബന്ധമായ മറ്റു സേവനങ്ങള്‍ ലഭിക്കില്ല.

നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. നവംബര്‍ 19 നാണ് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കികൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഹെല്‍മറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കാണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്ത് കര്‍ശനമാക്കി നടപ്പാക്കിയിരുന്നില്ല.

കൊല്ലത്ത് ബൈക്ക് യാത്രികനെ എറിഞ്ഞു വീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് പിന്തുടര്‍ന്ന് പരിശോധന വേണ്ടെന്ന് ഡിജിപി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.