ഹെലികോപ്റ്റര്‍ വാടക ; സര്‍ക്കാരിന്റെ കരാര്‍ വിവാദത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ വിവാദത്തില്‍. ചിപ്സണ്‍ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ പരിഗണിക്കാതെ ഉയര്‍ന്ന തുക ക്വട്ടേഷന്‍ നല്‍കിയ പവന്‍ഹാന്‍സിന് ആണ് കരാര്‍ കൊടുത്തത്. ഒരു കോടി നാല്‍പ്പത്തി നാല് ലക്ഷം രൂപയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകള്‍ നല്‍കാമെന്നായിരുന്നു ചിപ്സണ്‍ ഏവിയേഷന്റെ വാഗ്ദാനം. പ്രതിമാസം അറുപത് മണിക്കൂര്‍ സേവനവും ഉറപ്പു നല്‍കിയിരുന്നു. പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയായിരുന്നു കരാറിന് നേതൃത്വം നല്‍കിയത്.
ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സംബന്ധിച്ച വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള പവന്‍ഹാന്‍സുമായി ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിപ്സണ്‍ ഏവിയേഷന്‍ മുന്നോട്ടുവച്ച വാഗ്ദാനത്തെ അപേക്ഷിച്ച് പവന്‍ഹാന്‍സിന്റേത് സര്‍ക്കാരിന് നഷ്ടം വരുത്തിവയ്ക്കുന്നതാണ്.
ചിപ്സണ്‍ ഒരു കോടി നാല്‍പ്പത്തി നാല് ലക്ഷം രൂപയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ പവന്‍ഹാന്‍സ് ഒരു ഹെലികോപ്റ്ററാണ് നല്‍കുക. ചിപ്സണ്‍ മുന്നോട്ടുവയ്ക്കുന്നത് 60 മണിക്കൂറത്തെ സേവനമാണ്. അതേസമയം, പവര്‍ഹാന്‍സ് വാഗ്ദാനം ചെയ്യുന്നത് പ്രതിമാസം 20 മണിക്കൂറത്തെ സേവനവും.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ചിപ്‌സണ്‍ ഏവിയേഷന്‍ ഡല്‍ഹി ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ചിപ്സണ്‍ന്റെ അപേക്ഷ ഒരു മാസത്തിലേറെയായി ഡിജിപിയുടെ കൈവശമുണ്ട്. എന്നാല്‍ പൊതുമേഖല കമ്പനി എന്ന പരിഗണനയിലാണ് പവന്‍ഹാന്‍സുമായി ധാരണയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമാണ് ഇത് കാരണം സംഭവിക്കുക.