പട്ടിണി സഹിക്കാനാകാതെ മക്കളെ അമ്മ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി
തിരുവനന്തപുരം കൈതമുക്കിലാണ് മനസാക്ഷിയെ കുത്തിനോവിക്കുന്ന സംഭവം അരങ്ങേറിയത്. പട്ടിണി സഹിക്കാന്‍ കഴിയാതെ അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്കു കൈമാറി. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് ആറു മക്കളില്‍ നാല് പേരെ സമിതിയ്ക്ക് കൈമാറിയത്.
വിശപ്പ് സഹിക്കാനാകാതെ കുട്ടികളില്‍ ഒരാള്‍ മണ്ണ് തിന്നുന്ന സ്ഥിതിവരെ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യപാനിയായ ഭര്‍ത്താവ് കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. ആറു മക്കളില്‍ നാലു മക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. മറ്റ് രണ്ട് കുട്ടികള്‍ മുല കുടിക്കുന്നവരാണ്. ആവശ്യമെങ്കില്‍ അവരെയും ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
ബാനര്‍, ഫല്‍ക്സ് എന്നിവ കൊണ്ട് കെട്ടിമറച്ച കുഞ്ഞ് വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മുമ്പ് ശിശുക്ഷേമ സമിതി നല്‍കിയ പോഷകാഹാരം മാത്രമേ കുട്ടികള്‍ക്ക് ആരോഗ്യമുള്ള ഭക്ഷണം എന്ന രീതിയില്‍ നല്‍കിയിട്ടുള്ളുവെന്ന് അമ്മ പറഞ്ഞു.
തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും. അതിനൊപ്പം നിശ്ചിത സമയത്ത് മാതാപിതാക്കള്‍ക്ക് ഇവരെ അവിടെയെത്തി കാണാം. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകുമുണ്ടാകുക. അതേസമയം കുടുംബത്തിന് താമസ സൗകര്യവും അമ്മയ്ക്ക് താത്കാലിക ജോലിയും നഗരസഭ വാഗ്ദാനം ചെയ്തു.
കുടുംബത്തെ മാറ്റി പാര്‍പ്പിക്കാനായി പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്ളാറ്റ് കൈമാറാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും, താമസം, ആരോഗ്യം അടക്കമുള്ള വിഷയങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ ഏറ്റെടുക്കുമെന്നും മേയര്‍ അറിയിച്ചു. നാളെ മുതല്‍ അമ്മയ്ക്ക് താത്ക്കാലിക ജോലിയും മേയര്‍ വാഗ്ദാനം ചെയ്തു.