വാഹന രജിസ്‌ട്രേഷന്‍ അഴിമതി : സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്താന്‍ അനുമതി

വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ച കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കുറ്റം ചുമത്താന്‍ അനുമതി. രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്.

ക്രൈംബ്രാഞ്ച് മേധാവിയാണ് അനുമതി കുറ്റം ചുമത്താന്‍ നല്‍കിയത്. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 7 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.

കേരളത്തില്‍ നിന്ന് വാങ്ങിയ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ പോയി രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ ഇടപാടിലൂടെ 19.6 ലക്ഷം രൂപ നികുതിയിനത്തില്‍ വെട്ടിച്ചുവെന്നാണ് കേസ്. പോണ്ടിച്ചേരിയിലെ വിലാസം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വിലാസം വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു.

സമാനമായ പരാതികളില്‍ നടി അമല പോളിനും നടന്‍ ഫഹദ് ഫാസിലിനും എതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസ് എടുത്തിരുന്നു. പിന്നീട് ഈ കേസുകള്‍ ക്രൈം ബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു.

ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്‌ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണ് നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞു. ഫഹദിനെതിരായ കേസ് പിഴ അടച്ചതോടെ അവസാനിച്ചു.

അമല പോളിനെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നും നടപടിയെടുക്കാന്‍ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.