കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം എടുത്തു മുങ്ങിയ പ്രതി പിടിയില്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്‍പതാം പ്രതി
പോലീസ് പിടിയില്‍. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി സനല്‍ കുമാര്‍ ആണ് പിടിയിലായത്. പാലായില്‍ സെക്യൂരിറ്റി ജോലി നോക്കുകയായിരുന്നു ഇയ്യാള്‍.
ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പത്തനംതിട്ടയിലെ സനലിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
പ്രതിയുടെ ജാമ്യക്കാരെ വിളിച്ചു വരുത്തിയ കോടതി ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പ്രതിയെ ഹാജരാക്കാത്ത പക്ഷം പിഴയായി 1, 60,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി പറഞ്ഞിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ സി.ബി.ഐ കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എ.എസ്.ആര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്സ് ചെയ്തത്.
കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രണ്ടാമത്തെ സിറ്റിംഗാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിനിടെയാണ് സനല്‍ കുമാറിനെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
കേസിലെ മറ്റ് പ്രതികളായ മാര്‍ട്ടിന്‍ ആന്റണി, വിജീഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ജനുവരി പതിനൊന്നിന് വിധി പറയും. അതേസമയം, ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടന്‍ ദിലീപ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.
കേരളത്തിനു പുറത്തുള്ള വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന് രണ്ടാഴ്ച നല്‍കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ അഡീഷണല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു.