ജനിച്ചതെല്ലാം പെണ്‍കുട്ടികള്‍ ; ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍നിന്നു ചവിട്ടി പുറത്താക്കി

ജനിച്ചതെല്ലാം പെണ്‍കുട്ടികളായത് കൊണ്ട് ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍നിന്നു പുറത്താക്കി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. ആറു മക്കളുടെ അമ്മയായ നാല്‍പ്പതുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ ഭര്‍ത്താവിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മക്കളെല്ലാം പെണ്‍കുട്ടികളായതിനാല്‍ തങ്ങളെ വീട്ടില്‍നിന്നു പുറത്താക്കിയെന്നും ഭര്‍ത്താവ് വിവാഹമോചനത്തിനു ശ്രമിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വീട്ടമ്മ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

തന്നെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമമുണ്ടായതായും പരാതിയില്‍ വീട്ടമ്മ വ്യക്തമാക്കുന്നു. ഇവരുടെ മൂത്ത കുട്ടിക്ക് 15 വയസും ഇളയകുട്ടിക്ക് രണ്ടു വയസുമാണുള്ളത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരനെതിരേയും കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.