സുഡാനില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് സ്ഫോടനത്തില്‍ 23 മരണം ; കൊല്ലപ്പെട്ടവരില്‍ 18 ഇന്ത്യക്കാര്‍
സുഡാനില്‍ കളിമണ്‍പാത്ര ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 മരണം . 130 പരിക്കേറ്റു . സുധാനിലെ ഏറ്റവും വലിയ വ്യവസായിക മേഖലയായ ബാഹരിയില്‍ പ്രവര്‍ത്തിക്കുന്ന സീല സെറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫാക്ടറിലേക്ക് ലോഡുമായി എത്തിയ എല്‍പിജി ടാങ്കര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടം സമയം 200 തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നു. 23 പേരുടെ മരണം സുഡാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പരുക്കേറ്റ 130 പേര്‍ നഗരത്തിലെ വിവിധ ആശുപ്രതികളില്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തിന് പിന്നാലെ 16 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് എംബസി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാല്‍ കഴിയാത്തതിനാല്‍ മരണസംഖ്യ സംബന്ധിച്ച സ്ഥിരീകരണം ഇനിയും വൈകിയേക്കും.
പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും കാണാതായവരുടെയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടവരുടെയും പട്ടിക ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട 34 ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനം നടന്ന സീല സെറാമിക് ഫാക്ടറിയിലെ ജോലിക്കാരില്‍ 50 ത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നുവെന്നും എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.