ഐഎന്‍എക്സ് മീഡിയ കേസില്‍ 106 ദിവസങ്ങള്‍ക്ക് ശേഷം പി ചിദംബരം ജയില്‍ മോചിതനായി
ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം ജയില്‍ മോചിതനായി. അല്‍പ സമയം മുന്‍പാണ് അദ്ദേഹം ജയില്‍ മോചിതനായത്. 106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങുന്നത്.
ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും പാസ്പോര്‍ട്ടും വിചാരണക്കോടതിയില്‍ കെട്ടിവച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും രാജ്യംവിട്ടുപോകരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് സിബിഐ അന്വേഷണ സംഘം ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. സിബിഐ കേസില്‍ ഒക്ടോബര്‍ ഇരുപത്തിരണ്ടിന് സുപ്രിംകോടതി ജാമ്യം നല്‍കി. എന്നാല്‍, ഇതിനിടെ ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചിദംബരത്തിന്റെ അറസ്റ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ പതിനാറിന് തിഹാര്‍ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എയര്‍സെല്‍ കേസില്‍ വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അടുത്ത ജനുവരി പതിനേഴിന് മാത്രമേ പരിഗണിക്കുകയുള്ളൂ. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ചിദംബരത്തിന്റെ വാദം. സാമ്പത്തിക കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു.