ഫാത്തിമാ ലത്തീഫിന്റെ മരണം സി ബി ഐ അന്വേഷിക്കും

മദ്രാസ് ഐഐടിയില്‍ മലയാളിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി. ഡല്‍ഹിയില്‍ ഫത്തിമയുടെ കുടുംബവുമായി നടത്തിയ കൂടികാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയത്. വനിതാ ഐജിയുടെ നേതൃത്വത്തിലായിരിക്കും സിബിഐ അന്വേഷണം നടത്തുകയെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും മദ്രാസ് ഐഐടിയില്‍ നടക്കുന്ന മാനസിക പീഡനമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ ഫാത്തിമയുടെ മരണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉത്തരവിറക്കുമെന്നും അദ്ദേഹം കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

നവംബര്‍ പത്തിനാണ് മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ഫോണ്‍കോളുകളോട് ഫാത്തിമ പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥിനികളെ ഫോണില്‍ ബന്ധപ്പെട്ട് ഫാത്തിമയെക്കുറിച്ച് അന്വേഷിച്ചു. വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ മുറിയില്‍ പരിശോധിച്ചപ്പോഴാണ് ഫാത്തിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഐഐടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഫാത്തിമ വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പിന്നീട് കണ്ടെത്തിയിരുന്നു. ഫാത്തിമയുടെ ഫോണില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. തമിഴ്നാട് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫാത്തിമയുടെ പിതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു.