പീഡനങ്ങള്‍ ഒഴിയാതെ രാജ്യം ; ഉന്നാവില്‍ 20കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി
മൃഗ ഡോക്ക്ട്ടറെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന അതേസമയം തന്നെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നിന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20 കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം. റായ്ബറേലിക്ക് പോകുകയായിരുന്ന യുവതിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതായാണ് വിവരം. അഞ്ച് പേരായിരുന്നു അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമി സംഘം പെണ്‍കുട്ടിയെ മുന്‍പും പീഡനത്തിനിരയാക്കിയിരുന്നു. ഇതില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് തീകൊളുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
കേസിലെ പ്രധാന പ്രതിയായ യുവാവും പെണ്‍കുട്ടിയും കഴിഞ്ഞ വര്‍ഷം വിവാഹിതരായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ പിന്തുണയില്ലാത്തതിനാല്‍ പിന്നീട് പിരിഞ്ഞു താമസിക്കുകയായിരുന്നു.