പോക്സോ കേസ് ; പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കരുത് എന്ന് രാഷ്ട്രപതി

പോക്‌സോ കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ടതില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിഷയത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ല. ഇക്കാര്യം നിയമനിര്‍മാണ സഭ പരിശോധിക്കണം. സ്ത്രീകള്‍ക്കെതിരേ അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മയുടെ ദയാഹര്‍ജിയാണ് തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വധ ശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്.

വധ ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പുള്ള അവസാന ഘട്ടമാണ് രാഷ്ട്രപതിയ്ക്ക് സമര്‍പ്പിക്കുന്ന ദയാഹര്‍ജി. രാഷ്ട്രപതി ദയാഹര്‍ജി തള്ളുന്നതോടെ പിന്നെ അവശേഷിക്കുന്നത് ശിക്ഷ നടപ്പാക്കല്‍ മാത്രമാണ്. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അതേസമയം, അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതി ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.

ബലാത്സംഗ കേസുകളിലെ പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. വധശിക്ഷ കാത്ത് കഴിയുന്ന പോക്‌സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.