വിവാഹ പാര്‍ട്ടിക്ക് നൃത്തം ചെയ്യാതെ നിന്ന യുവതിയെ വെടിവെച്ചു
വിവാഹ സല്‍ക്കാര വേളയില്‍ വേദിയില്‍ നൃത്തം ചെയ്ത യുവതിക്ക് നേരെ വെടിവെപ്പ്. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ടിലാണ് സംഭവം. നൃത്തം ചെയ്യുന്നത് നിര്‍ത്തിയെന്ന് ആരോപിച്ചാണ് അജ്ഞാതന്‍ യുവതിക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ മുഖത്തിനു ഗുരുതരമായി പരുക്കേറ്റ ഹിന എന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസംബര്‍ 1-ന് ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലാണ് സംഭവം. രണ്ട് യുവതികള്‍ ചേര്‍ന്നു വേദിയില്‍ നൃത്തം അവതരിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്നു പാട്ട് നിലച്ചതിനെ തുടര്‍ന്നു അല്‍പനേരം ചുവടുകള്‍വയ്ക്കാതെ ഇവര്‍ നിന്നപ്പോള്‍ സദസില്‍ നിന്നിരുന്ന ഒരാള്‍ ഹിനയുടെ മുഖത്തിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഗ്രാമുമുഖ്യന്റെ കുടുംബത്തില്‍പെട്ടയാളാണ് വെടിയുതിര്‍ത്തതെന്നും ആരോപണമുണ്ട്. വേദിയില്‍ ഉണ്ടായിരുന്ന വരന്റെ ബന്ധുകള്‍ക്കും വെടിവെപ്പില്‍ പരുക്കേറ്റു. അതിക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
നൃത്തത്തിനിടെ, ‘വെടിവയ്ക്കും’, ‘സഹോദരാ, വെടിവയ്ക്കൂ’ എന്ന് രണ്ടു പേര്‍ ചേര്‍ന്നു പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഞായറാഴ്ച വരന്റെ ബന്ധുവാണ് സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ മുഖം വീഡിയോയില്‍ നിന്നും വ്യക്തമാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഉത്തേരന്ത്യയില്‍ വിവാഹ ആഘോഷങ്ങളില്‍ തോക്കുമായി പങ്കെടുക്കുന്നതും ആകാശത്തേക്ക് വെടിയുതിര്‍ത്ത് വിവാഹം ആഘോഷിക്കുന്നതും പതിവാണ്.