പോയത് ഉല്ലസിക്കാനല്ല ; സന്ദര്‍ശനം വന്‍ വിജയം : മുഖ്യമന്ത്രി

ജപ്പാനിലും കൊറിയയിലും തങ്ങള്‍ നടത്തിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാനില്‍ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോയത് ഉല്ലസിക്കാനല്ലെന്നും എതിര്‍ത്തവര്‍ക്ക് മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്റെ തെളിവാണിത്. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടും. ടൊയോട്ട കമ്പനിയുമായും കരാറില്‍ എത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതുപോലെ കുടുംബാംഗങ്ങളുടെ ചെലവ് സര്‍ക്കാരിന്റെ ഭാഗമായി നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം അല്‍പ്പത്തമില്ല. ഇതുവരെയും അങ്ങനെ ചെലവ് വഹിച്ചിട്ടില്ല. ഉല്ലാസയാത്രയാണോ അല്ലയോ എന്ന് യാത്ര ചെയ്തവര്‍ക്കേ അറിയൂ. എന്തിനെയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ രീതിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.