അവര്‍ മാവോയിസ്റ്റുകള്‍ ; പാര്‍ട്ടിപ്രവര്‍ത്തകരല്ല : പിണറായി വിജയന്
കോഴിക്കോട് : പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി കേരളാ പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ല, പരിശോധന കഴിഞ്ഞുവെന്നും അവര്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.ജപ്പാന് കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അവര്‍ സിപിഎം പ്രവര്‍ത്തകരൊന്നും അല്ല മാവോയിസ്റ്റുകളാണ്. പരിശോധന നടന്നുകഴിഞ്ഞല്ലോ, അതെല്ലാം വ്യക്തമായതാണ്- മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് യുഎപിഎ കേസ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
കോഴിക്കോട് പന്തീരങ്കാവലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലന്, താഹ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയത് വിവാദമായിരുന്നു. യു.എ.പി.എ ചുമത്തിയത് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യുഎപിഎ കേസില്‍ ഇരുവരും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.