ഡല്‍ഹിയിലെ തീപിടുത്തം ; 43 മരണം ; മരണ സംഖ്യ ഉയരുന്നു

ഡല്‍ഹിയിലെ അനന്ത്ഗഞ്ചിലുണ്ടായ തീപിടുത്തതില്‍ ഇതുവരെ 43 പേര്‍ മരിച്ചു. എന്നാല്‍ മരണ സംഖ്യ ഇനിയും ഉയരും എന്നാണ് വിവരം. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അനാജ് മണ്ഡിലെ ആറ് നിലകെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 50ഓളം പേരെ രക്ഷപ്പെടുത്തി. പ്രദേശത്തെ ബാഗ് നിര്‍മാണശാലയ്ക്കാണ് തീപിടുത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി തീപിടുത്തം സംബന്ധിച്ചു മജിസ്‌ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു. 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ടീമിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.തീപിടുത്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കൂടാതെ, ദുരന്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ, ലേഡി ഹാര്‍ഡിംഗ്, എല്‍എന്‍ജെപി, ഹിന്ദു റാവു ഹോസ്പിറ്റല്‍, ആര്‍.എം.എല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 16 പേരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയില്‍ പുലര്‍ച്ചെ 5:30നാണ് തീപിടുത്തമുണ്ടായത്.

30 ഓളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. എന്നാല്‍. പ്രദേശത്തെ ഇടുങ്ങിയ വഴികള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്. തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായപ്പോള്‍ ഇരുപതോളം ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു.