അവസരം കൂടുതല്‍ സമാന്തര സിനിമകള്‍ക്ക് ; ഐ എഫ് എഫ് കെയില്‍ പ്രതിഷേധം

തിരുവനന്തപുരത്തു നടക്കുന്ന 24 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എതിര്‍പ്പുമായി സിനിമാ കൂട്ടായ്മകള്‍. റിലീസ് ചെയ്തതും ഓണ്‍ലൈനിലും ടി വിയിലും മറ്റും ജനങ്ങള്‍ കണ്ടതുമായ സിനിമകള്‍ക്ക് കൂടുതല്‍ അവസരം നല്‍കി എന്ന പേരിലാണ് ഇപ്പോള്‍ എതിര്‍പ്പ് ഉണ്ടായിരിക്കുന്നത്.

തിയറ്ററില്‍ സാമാന്യ വിജയം നേടിയ കുമ്പളങ്ങി, ഉണ്ട, ഇഷ്‌ക്, വൈറസ്, ജെല്ലിക്കെട്ട്, ഓസ്‌ക്കാര്‍ ഗോസ് ടൂ, രൗദ്ര 2018 എന്നീ സിനിമകളാണ് ഐ എഫ് എഫ് കെയില്‍ സ്‌ക്രീനിങ് ചെയ്യുന്നത്. ഓണ്‍ലൈനായി എപ്പോ വേണമെങ്കിലും കാണുവാന്‍ കഴിയുന്ന സിനിമകള്‍ക്ക് അവസരം കൊടുക്കുമ്പോള്‍ മേളകള്‍ മാത്രം ലക്ഷ്യം വെച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ പിന്തള്ളപ്പെടുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ഈ സിനിമകള്‍ വീണ്ടും കാണുന്നതിന് വേണ്ടിയാണോ നമ്മള്‍ എത്തിയത് എന്നും അവര്‍ ചോദിക്കുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനുള്ള പരാതിക്ക് ഒപ്പു ശേഖരണവും മേള നടക്കുന്ന ഇടങ്ങളില്‍ നടന്നുവരുന്നുണ്ട്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനു നേരെയാണ് ആരോപണങ്ങള്‍ എല്ലാം. കമലിന്റെ സ്വാര്‍ഥ താല്പര്യങ്ങള്‍ക്കാണ് ഇപ്പോള്‍ അക്കാദമിയില്‍ മുന്‍ഗണന എന്നും അവര്‍ ആരോപിക്കുന്നു.

അതേസമയം കപടദേശീയതയും ഫാസിസവും കലയെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് കമല്‍ പറഞ്ഞു. ഫാസിസം പിടിമുറുക്കിക്കൊണ്ടിരുന്ന അവസ്ഥയില്‍ മതനിരപേക്ഷത അനിവാര്യമായ ഒന്നാണെന്നും കമല്‍ ട്വന്റിഫോര്‍ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഫാസിസം അത്ര മാത്രം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ സെക്യുലറിസത്തില്‍ നിന്ന് വല്ലാതെ അകന്നു പോകുന്നുണ്ട്. കപടദേശീയതയെ പറഞ്ഞു കൊണ്ട് അതല്ലെങ്കില്‍, കപട മതവാദം മതേതരത്വം എന്നത് കാപട്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ വലതുപക്ഷ ആളുകള്‍ പുറത്തുള്ളപ്പോള്‍ ഒരു പ്രതിരോധം എന്ന നിലയിലാണ് ഈ ഐഎഫ്എഫ്കെയെ കണക്കാക്കുന്നത്. ഈ സിനിമകളൊക്കെ പ്രതിഷേധമാണ്.’ കമല്‍ പറഞ്ഞു.

ഇത്തരം നയങ്ങളുടെ പുറത്ത് മേളയില്‍ ചില സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കാതിരിക്കുമ്പോള്‍ കോടതിയില്‍ പോയി അതിനുള്ള അനുവാദം നേടിയെടുക്കാറുണ്ട്. അതൊരു പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടനത്തിന് കൂടുതല്‍ സൗകര്യമുള്ളതു കൊണ്ടാണ് കൈരളി, ശ്രീ, നിള തീയറ്റര്‍ സമുച്ചയങ്ങളില്‍ നിന്ന് പ്രധാന വേദി മാറ്റിയതെന്നും അക്കാദമിക്ക് ആള്‍ക്കൂട്ടപ്പേടി ഇല്ലെന്നും കമല്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ മേള പരിഷ്‌കരിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെ പരിഷ്‌കരിച്ച് കൂടുതല്‍ സമാന്തര സിനിമകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.