തൂക്ക് കയര്‍ ഒരുങ്ങുന്നു ; നിര്‍ഭയ കേസ് പ്രതികള്‍ക്കായി എന്ന് മാധ്യമങ്ങള്‍

ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ കറുത്ത ഏടായിമാറിയ ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസ് അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക്‌മേല്‍ ഇനി ‘ദയ’യുണ്ടാവില്ല എന്ന് തന്നെയാണ് റിപ്പോര്‍ട്ട്. പ്രതികളുടെ വധശിക്ഷ ഒരാഴ്ചയ്ക്കകം നടപ്പാക്കിയേക്കുമെന്നും, അടുത്ത തിങ്കളാഴ്ചയാണ് അതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട്. അതിന് കാരണമുണ്ട്. നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് ഡിസംബര്‍ 16 തിങ്കളാഴ്ച.

പ്രതികളുടെ ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്. കൂടാതെ, തന്റെ അനുമതിയില്ലാതെയാണ് തന്റെ പേരില്‍ ദയാഹര്‍ജിയ്ക്ക് അപേക്ഷ അയച്ചതെന്ന് പ്രതികളിലൊരാളായ വിനയ് ശര്‍മ്മ ആരോപിച്ചിരുന്നു. കൂടാതെ, രാഷ്ട്രപതിയ്ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദയാഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് അപേക്ഷയും ഇയാള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.

അതേസമയം ബിഹാറിലെ ബക്‌സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കൂ കയറുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 14-ന് മുമ്പ് തൂക്കു കയര്‍ തയ്യാറാക്കി നല്‍കണമെന്ന് തങ്ങള്‍ക്ക് ജയില്‍ ഡയറക്ടറേറ്റില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ അറിയിച്ചു

മൂന്ന് ദിവസത്തോളമെടുക്കും ഒരു കയര്‍ തയ്യാറാക്കുവാന്‍. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയര്‍ തയ്യാറാക്കിയത് ബക്‌സര്‍ ജയിലില്‍ നിന്നായിരുന്നു. അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും വിജയ് കുമാര്‍ അറോറ പറഞ്ഞു.

കേസിലെ 4 പ്രതികള്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ് കഴിയുന്നത്. കേസില്‍ ആകെ 6 പ്രതികളാണ് ഉണ്ടായിരുന്നത്. കേസിലെ മുഖ്യപ്രതിയായ രാം സിംഗ് ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. അവശേഷിച്ചിരിക്കുന്ന 4 പേരാണ് ഇപ്പോള്‍ വധശിക്ഷ കാത്ത് തീഹാര്‍ ജയിലില്‍ കഴിയുന്നത്. മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.