ഷെയ്നിനെ കൈയൊഴിഞ്ഞു അമ്മയും ഫെഫ്കയും

നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ചര്‍ച്ചകളില്‍ നിന്ന് പിന്മാറി താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും. തിരുവനന്തപുരത്ത് വെച്ച് വിഷയത്തില്‍ പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതാണ് സംഘടനകള്‍ പിന്മാറാന്‍ കാരണമായി പറയുന്നത് . താരസംഘടനയും ഫെഫ്കയും ചേര്‍ന്ന് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സര്‍ക്കാരിനെ കൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതും പിന്‍മാറ്റത്തിന് കാരണമായി.

ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുമായുളള പ്രശ്നം പരിഹരിക്കുന്നതിനായി താരസംഘടനയായ ‘അമ്മ’ മുന്നിട്ടിറങ്ങുകയും സെക്രട്ടറി നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഫെഫ്ക ഭാരവാഹികളുമായി ഇന്ന് ഒരു അനൗപചാരിക ചര്‍ച്ച നടത്താനും തീരുമാനിച്ചിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നടന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനകളും പ്രകോപനപരമായ നീക്കങ്ങളും കാരണം ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന് സംഘടനകള്‍ അറിയിച്ചിരിക്കുകയാണ്.

നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്നായിരുന്നു തിരുവനന്തപുരത്ത് ഷെയ്ന്റെ പ്രതികരണം. ഇതാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെുത്ത സംഘടകളുടെ പന്‍മാറ്റത്തിന് കാരണം. ഇപ്പോള്‍ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണ്, തനിക്ക് റേഡിയോ പോലെ അങ്ങോട്ട് ഒന്നും പറയാനാവാതെ കേട്ടുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും താന്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും എന്ന രീതിയില്‍ ഷെയ്ന്‍ മാധ്യമകളോട് പ്രതികരിച്ചിരുന്നു.തിരുവനന്തപുരത്ത് നടന്‍ നടത്തിയ പ്രസ്താവനയും മന്ത്രി എകെ ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയും കണക്കിലെടുത്താണ് പുതിയ തീരുമാനം.

നടന്‍ സിദ്ദിഖും ഇടവേള ബാബുവും ഇടപെട്ട് ഷെയ്നുമായി നടത്തിയ ചര്‍ച്ചയില്‍ താരസംഘടനയായ അമ്മ പറയുന്നതനുസരിച്ച് മുന്നോട്ടുനീങ്ങുമെന്നും ഷെയ്ന്‍ ഉറപ്പു നല്‍കിയിരുന്നു.