പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറ നശിപ്പിക്കുകയും അതിനെ ആക്രമിക്കുകയും ചെയ്യുകയാണെന്ന് രാഹുല്‍ പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പുതിയ സഖ്യകക്ഷി ശിവസേന ലോക്‌സഭയില്‍ ബില്ല് പാസാക്കാന്‍ പിന്തുണ നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ രൂക്ഷ വിമര്‍ശനം. തിങ്കളാഴ്ചയാണ് പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. 80ന് എതിരേ 311 വോട്ടിനാണ് ബില്‍ പാസായത്. 391 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെല്ലാം സഭ തള്ളി.

നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സഭയില്‍ ഇന്നലെ പ്രതിപക്ഷം ഉയര്‍ത്തിയ വലിയ പ്രതിഷേധത്തിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച അസദുദീന്‍ ഉവൈസി സഭയ്ക്കുള്ളില്‍ ബില്‍ വലിച്ചു കീറി.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ നിഷേധിക്കുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖത്തെ തന്നെ ലംഘിക്കുന്നതാണ് ബില്‍ എന്നും ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തെ ഈ നിയമം ഇല്ലാതാക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.