96′ മോഡല്‍ ഒരു പ്രണയവും പിന്നാലെ ‘ദൃശ്യം’ മോഡല്‍ കൊലപാതകവും
സിനിമാ കഥ പോലെ ഒരു പ്രണയം അതിനു ശേഷം ഒരു ക്രൂരമായ കൊലപാതകം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 96 ഉം ദൃശ്യവും ഒരുമിച്ചു വന്നാല്‍ എന്താകും അതാണ് ഇവിടെ സംഭവിച്ചത്. എന്നാല്‍ സിനിമകളിലെ പോലെ ഹാപ്പി എന്‍ഡിങ് അല്ല ഇവിടെ ഉണ്ടായത് എന്നുമാത്രം.
ഭര്‍ത്താവും മുന്‍ കാമുകിയും ചേര്‍ന്നു ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. ചേര്‍ത്തല സ്വദേശിനി വിദ്യയെയാണ് മൂന്നു മാസം മുന്‍പ് ഇരുവരും ചേര്‍ന്നു കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരുനെല്‍വേലിയില്‍ കൊണ്ടുപോയി കുഴിച്ചിട്ടു.
സംഭവത്തില്‍ ഭര്‍ത്താവ് പ്രേംകുമാറിനെയും സുഹൃത്ത് സുനിത ബേബിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രേംകുമാര്‍ കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. സുനിത ബേബി തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ട് ആണ്. ഇരുവരും ചെറുപ്പകാലം മുതല്‍ തന്നെ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ വെച്ച് വീണ്ടും കണ്ടതോടെയാണ് പ്രണയത്തിന് തീവ്രത കൂടിയതും അരുംകൊലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും.
കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ഉദയംപേരൂരിലെ വീട്ടില്‍ നിന്ന് വിദ്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഉദയംപേരൂര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലായിരുന്നു. വിദ്യയുടെ മൊബൈല്‍ ലൊക്കേഷന്‍ ബിഹാറില്‍ ആണെന്നാണ് കണ്ടെത്തിയത്. അതോടെ അന്വേഷണം നിലച്ചു. പ്രേംകുമാറിനെക്കുറിച്ചും പിന്നെ യാതൊരു വിവരവും ലഭിച്ചില്ല.
സംശയം തോന്നിയ പൊലീസ് ഇയാള്‍ മറ്റൊരു സ്ത്രീയുമായി തിരുനെല്‍വേലിയിലെ വള്ളിയൂരില്‍ താമസിക്കുകയാണെന്ന് കണ്ടെത്തി. ഇതൊരു നിര്‍ണായക വഴിത്തിരിവായി മാറി. രണ്ട് മാസത്തോളമായി പ്രേംകുമാറും കാമുകിയും ഇവിടെയാണ് താമസം.ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ വിദ്യയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തി. അതിനിടെ വള്ളിയൂര്‍ പൊലീസ് സെപ്റ്റംബര്‍ 22 ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായും ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ സംസ്‌കരിച്ചെന്നും വിവരം ലഭിച്ചു.
ഇനി കഥയിലേക്ക് വരാം. പ്രേംകുമാറും സുനിതയും പഠിച്ചത് ഒരേ സ്‌കൂളില്‍. അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്ക് പിരിഞ്ഞു. 25 വര്‍ഷത്തിന് ശേഷം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വെച്ച് ഇരുവരും തമ്മില്‍ കണ്ടതോടെ വീണ്ടും പ്രണയം മൊട്ടിട്ടു. സുനിത വിവാഹിതയാണ്. അതില്‍ മൂന്നു കുട്ടികളുമുണ്ട്.
അതുപോലെ പ്രേംകുമാറും ഭാര്യയും വിദ്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലും നിറയെ പ്രശ്‌നങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വിവാഹം ചെയ്യുന്നതിന് മുന്‍പേ വിദ്യ വിവാഹിതയായിരുന്നു. ഇതിനിടെയാണ് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ഇയാള്‍ അനിതയെ വീണ്ടും കാണുന്നത്.
കൊല നടത്തുന്നതിന് മുന്നോടിയായി തിരുവനന്തപുരത്തെ പേയാടുള്ള റിസോര്‍ട്ടില്‍ വിദ്യയുമായെത്തിയ പ്രേം കുമാര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊല നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രേംകുമാറും അനിതയും ചേര്‍ന്ന് വാഹനത്തില്‍ തിരുനെല്‍വേലിയില്‍ കൊണ്ടുവന്ന് മൃതദേഹം തള്ളി. അതിന് ശേഷമാണ് പ്രേം കുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും. മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം മറ്റൊരു ക്ലാസ്‌മേറ്റ്‌സില്‍ നിന്ന് ലഭിച്ചതെന്നാണ് ഇരുവരും പറയുന്നു.