പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് ശിവസേന

ശിവസേന രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി ബില്ലില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചും, കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുമാണ് ശിവസേന വക്താവ് സഞ്ജയ് റൗത് രാജ്യസഭയില്‍ സംസാരിച്ചത്. തങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കരുതെന്നും നിങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്ററാണു തങ്ങളെന്നുമായിരുന്നു കേന്ദ്രത്തോട് സഞ്ജയ് റൗത് പറഞ്ഞത്.

ഈ ബില്ലിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും പിന്തുണയ്ക്കുന്നവര്‍ രാജ്യസ്നേഹികളാണെന്നും ഇന്നലെ മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ്. ഒരു പൗരന്റെ ദേശീയത തീരുമാനിക്കപ്പെടേണ്ടത് അയാള്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയല്ല. ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കരുത്. നിങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്ററാണു ഞങ്ങള്‍’, സഞ്ജയ് റൗത് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നിലപട് കടുപ്പിച്ചതോടെയാണ് പൗരത്വ ബില്ലിനെ ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുന്നതെന്നാണ് സൂചന. രാജ്യസഭയില്‍ എതിര്‍ക്കണമെന്ന കോണ്‍ഗ്രസിന്റെ ‘അനൗദ്യോഗിക നിര്‍ദേശം’ ശിവസേന അംഗീകരിക്കുകയായിരുന്നു.

ലോക്സഭയില്‍ ബില്ലിന് അനൂകൂലമായി വോട്ട് ചെയ്തിരുന്നുവെങ്കിലും രാജ്യസഭയില്‍ അങ്ങനെ ആവണമെന്ന് ഉറപ്പിക്കേണ്ടെന്ന് നേരത്തെ ശിവസേന നിലപാട് എടുത്തിരുന്നു. കോണ്‍ഗ്രസിന്റെ കടുത്ത അതൃപ്തി നേരിട്ടതോടെയാണ് ശിവസേന നിലപാട് മാറ്റിയത് എന്നാണ് സൂചന.