ഗുജറാത്ത് കലാപം ; മോദി പരിശുദ്ധന്‍

2002ലെ ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്രമോദിയും സര്‍ക്കാരും നിരപരാധികളാണ് എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ചു. അഞ്ചുവര്‍ഷം മുന്‍പ് നാനാവതി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് സംസ്ഥാന ആഭ്യന്തരമന്ത്രി പ്രദീപ് സിന്‍ഹ് ജഡേജ നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ഗോധ്ര സംഭവത്തിന് ശേഷം നടന്ന കലാപം സംഘടിതമല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

2002ലെ കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ജി ടി നാനാവതി, അക്ഷയ് മെഹ്ത എന്നിവരടങ്ങിയ കമ്മീഷന്‍ 2014ല്‍ അന്തിമ റിപ്പോര്‍ട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് സമര്‍പ്പിച്ചിരുന്നു.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആയിരത്തില്‍ അധികംപേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. 2002ല്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചത്. സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ തീകത്തി നശിച്ച സംഭവത്തില്‍ 59 ഹിന്ദു തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഉണ്ടായ കലാപത്തില്‍ രണ്ടായിരത്തിനു മുകളില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട്. ഇത് സര്‍ക്കാരിന് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനില്‍നിന്നും കൂടുതലെന്ത് പ്രതീക്ഷിക്കാനാണെന്നും അവര്‍ പറഞ്ഞു. ‘ഈ കമ്മീഷനെ നിയോഗിച്ചത് സര്‍ക്കാരാണ്. സര്‍ക്കാരിന് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇത്. അതില്‍നിന്ന് ഇതില്‍ക്കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്? ശ്വേതാ ഭട്ട് പറഞ്ഞു.

സഞ്ജീവ് ഭട്ടിന്റെ ആരോപണങ്ങള്‍ കള്ളമാണെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെയും ശ്വേതാ ഭട്ട് തള്ളി. തന്റെ ഭര്‍ത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്നും അവര്‍ പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അന്വേഷണ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. കൂടാതെ, സഞ്ജീവ് ഭട്ട് പറഞ്ഞത് കള്ളമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കലാപം ആസൂത്രണം ചെയ്തതല്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.