ഇന്ത്യന്‍ റിപ്പബ്ലിക്കിനെ രണ്ട് ദിനോസര്‍മാര്‍ ഭരിക്കുന്ന ജുറാസിക് റിപ്പബ്ലിക്കാക്കി മാറ്റരുത് : കപില്‍ സിബല്‍
പൗരത്വ ഭേദഗതി ബില്ലിലൂടെ ചരിത്രം മാറ്റിയെഴുതാനാണു കേന്ദ്രം ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.. രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാന്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ‘ഇന്ത്യയെന്ന ആശയത്തെക്കുറിച്ച് ഒന്നുമറിയാന്‍ പാടില്ലാത്തവര്‍ക്ക് ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കാനാകില്ല. പൗരത്വ നിയമങ്ങളെക്കുറിച്ച് ഇന്ത്യയുടെ ഭരണഘടന വളരെ കൃത്യമായാണു പറയുന്നത്. ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ മതം കാരണമാകരുത് എന്ന്.
എന്റെ കുടുംബാംഗങ്ങള്‍ ജനിച്ചത് ലാഹോറിലാണ്. അവര്‍ ഇന്ത്യയില്‍ വരുന്നതിനു മുന്‍പ് ഇവിടുത്തെ പൗരന്മാരായിരുന്നില്ല. പക്ഷേ ഭരണഘടന പറയുന്നത്, നിങ്ങള്‍ അവിഭക്ത ഇന്ത്യയിലാണു ജനിച്ചതെങ്കില്‍ നിങ്ങള്‍ ഇവിടുത്തെ പൗരനാണ് എന്നതാണ്. പേരെടുത്തു പറയാതെയാണ് അവര്‍ ഒരു സമുദായത്തെ ലക്ഷ്യം വെയ്ക്കുന്നത്. ഒരു അനധികൃത കുടിയേറ്റക്കാരനെയും മറ്റൊരു അനധികൃത കുടിയേറ്റക്കാരനെയും നിങ്ങള്‍ എങ്ങനെയാണു വേര്‍തിരിക്കുന്നത്? രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാന്‍ ഞാന്‍ ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ്. നിങ്ങള്‍ ഈ രാജ്യത്തിന്റെ ഭാവിയാണു നശിപ്പിക്കുന്നത്.
മതാടിസ്ഥാനത്തിലുള്ള വിഭജനം കോണ്‍ഗ്രസ് അംഗീകരിച്ചില്ലായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി ബില്‍ ആവശ്യം വരില്ലായിരുന്നുവെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയും കപില്‍ സിബല്‍ ആഞ്ഞടിച്ചു. ഏതു ചരിത്ര പുസ്തകങ്ങളാണ് ആഭ്യന്തരമന്ത്രി വായിച്ചതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ദ്വിരാഷ്ട്ര സിദ്ധാന്തം ഞങ്ങളുടേതല്ല. അത് സവര്‍ക്കറുടേതാണ്. ആഭ്യന്തരമന്ത്രി ആ ആരോപണം പിന്‍വലിക്കണം. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ഒറ്റരാജ്യത്തിലാണ്, നിങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ലെങ്കിലും.’- സിബല്‍ പറഞ്ഞു.
ചരിത്ര ബില്ലെന്നു പറഞ്ഞ് നിങ്ങള്‍ ചരിത്രം മാറ്റാനാണു നോക്കുന്നത്. ഈ ബില്‍ ദ്വിരാഷ്ട്ര സിദ്ധാന്തത്തിനു നിറം കൊടുക്കുകയാണ്. നിങ്ങള്‍ക്കു ചിന്തിക്കാന്‍ പോലുമാകാത്ത പ്രത്യാഘാതങ്ങളാണ് ഈ ബില്‍ കാരണം വരാന്‍ പോകുന്നത്. ഈ റിപ്പബ്ലിക്കിനെ രണ്ട് ദിനോസര്‍മാര്‍ ഭരിക്കുന്ന ഒരു ജുറാസിക് റിപ്പബ്ലിക്കാക്കി മാറ്റരുത്.’- പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ലക്ഷ്യംവെച്ച് അദ്ദേഹം പറഞ്ഞു.