പൗരത്വ ഭേദഗതി ബില്‍ പരക്കെ പ്രതിഷേധവും അക്രമവും ; ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധം. ഇതുകാരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കി. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയായിരുന്നു അമിത് ഷായുടെ ഷില്ലോങ് സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. അതുപോലെ തിങ്കളാഴ്ച അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാനുള്ള തീരുമാനവും മാറ്റി.
പാസിംഗ് ഔട്ട് പരേഡിനായാണ് അമിത് ഷാ ഷില്ലോങിലെ നോര്‍ത്ത് ഈസ്റ്റ് പൊലീസ് അക്കാദമി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ശനിയാഴ്ചയും തിങ്കളാഴ്ചയും ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കും.
അതിനിടെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള തീരുമാനം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വേണ്ടെന്നുവച്ചു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഷിന്‍സോ ആബെയുടെ സന്ദര്‍ശനം റദ്ദാക്കിയത്. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നടക്കുന്ന വാര്‍ഷിക ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ ഡിസംബര്‍ 15ന് ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സന്ദര്‍ശനം റദ്ദാക്കിയ കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. അസം, ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അസമില്‍ ബിജെപി എംഎല്‍എയുടെ വീടിന് പ്രക്ഷോഭക്കാര്‍ തീയിട്ടിരുന്നു.
അസമില്‍ സിആര്‍പിഎഫ് നടത്തിയ വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ റെയില്‍വേ സ്റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടു. മുര്‍ഷിദാബാദ് ജില്ലയിലുള്ള റെയില്‍വേ സ്റ്റേഷനാണ് വെള്ളിയാഴ്ച വൈകിട്ടോടെ പ്രതിഷേധക്കാര്‍ തീയിട്ടത്. ബെല്‍ദങ്ങ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതിഷേധക്കാര്‍ അപ്രതീക്ഷിതമായാണ് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിച്ചതെന്ന് മുതിര്‍ന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിനും മൂന്ന് നില കെട്ടിടത്തിനുമാണ് തീയിട്ടത്. തടയാന്‍ ശ്രമിച്ച റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ മര്‍ദിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ മിക്കയിടങ്ങളിലും പ്രതിഷേധക്കാര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തി.