ആധാര്‍ ഉണ്ടെങ്കിലും രക്ഷയില്ല ; ബംഗ്ലാദേശ് വനിതയ്ക്ക് ഒരുവര്‍ഷം തടവുശിക്ഷ
പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്തു പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സമയം തന്നെ അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് മുംബൈ കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. അവരുടെ കൈവശമുള്ള ആധാര്‍ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
പാസ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന ബംഗ്ലാദേശികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നു വിധിച്ച കോടതി, അവരുടെ കൈവശമുള്ള ആധാര്‍ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി. മുംബൈയ്ക്കടുത്ത് ദഹിസറില്‍ താമസിക്കുന്ന ജ്യോതി ഗാസി എന്ന തസ്ലിമ റോബിയുളി (35) നെയാണ് ശിക്ഷിച്ചിത്. പശ്ചിമബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും തസ്ലിമ അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കാന്‍ അവര്‍ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
ആധാറോ പാന്‍കാര്‍ഡോ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല. പൗരത്വം തെളിയിക്കുന്നതിന് ജനനസ്ഥലവും മാതാപിതാക്കളുടെ ജനനസ്ഥലവും ചിലപ്പോള്‍ അവരുടെ മാതാപിതാക്കളുടെ ജനനസ്ഥലവും ഏതെന്ന് വ്യക്തമാക്കേണ്ടി വരും. ഇത്തരം കേസുകളില്‍ താന്‍ വിദേശിയല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിക്കാണെന്ന് കോടതി പറഞ്ഞു. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശുകാരിയാണ് തസ്ലിമ എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
സ്ത്രീയാണെന്ന പരിഗണന വെച്ച് ഇവര്‍ക്ക് ഇളവു നല്‍കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അത് രാജ്യരക്ഷയെ തന്നെ അപകടത്തില്‍ പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷയുടെ കാലാവധി കഴിഞ്ഞാല്‍ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദഹിസര്‍ ഈസ്റ്റിലെ ചേരിയില്‍ നിന്ന് 2009 ജൂണ്‍ എട്ടിനാണ് തസ്ലിമ ഉള്‍പ്പെടെ 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. 17 പേര്‍ക്കെതിരെയും കേസെടുത്തെങ്കിലും മറ്റുള്ളവര്‍ പിന്നീട് ഒളിവില്‍ പോയി. തസ്ലിമയെ മാത്രമേ വിചാരണ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. മുംബൈ ദഹിസറിലെ മജിസ്ട്രേറ്റ് കോടതിയാണ് തടവുശിക്ഷ വിധിച്ചത്.