പൗരത്വ ഭേദഗതി ബില്‍ ; പശ്ചിമ ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ പല സംസഥാനങ്ങളിലും രൂക്ഷമായ പ്രക്ഷോഭമാണ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ അഞ്ച് ആളില്ലാ ട്രെയിനുകള്‍ക്ക് തീയിട്ടു. ഹൗറ ജില്ലയിലെ സംക്രയില്‍ റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും പ്രക്ഷോഭകര്‍ തീവെച്ചു നശിപ്പിച്ചു.
പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പോരാഡംഗ, ജങ്ഗിപുര്‍, ഫറാക്ക എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങളില്‍ പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. ഇതിനു പുറമേ മൂന്ന് സര്‍ക്കാര്‍ ബസുകള്‍ ഉള്‍പ്പെടെ പതിനഞ്ചു ബസുകള്‍ക്ക് തീയിട്ടു. മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും സമാധാനത്തിനായി അഭ്യര്‍ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.
അതേസമയം, ബംഗാള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ട്. ഗുഹാഹട്ടിയില്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ കര്‍ഫ്യു ഇളവ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്റര്‍നെറ്റ്സേവനങ്ങള്‍ ഡിസംബര്‍ 16വരെ നിര്‍ത്തിവച്ചിരുക്കുകയാണ്.